ലോകായുക്ത; സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബിൽ ആരെതിർത്താലും പാസാക്കാനുള്ള സർക്കാരിന്റെ ധാർഷ്ട്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ലോകായുക്തയുടെ കഴുത്തറുക്കാൻ നിയമസഭയിൽ ബിൽ അവതരിപ്പിച്ച് സർക്കാർ സ്വന്തം താൽപ്പര്യം അടിച്ചേൽപ്പിക്കുകയാണെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ ആരോപിച്ചു. ജുഡീഷ്യൽ വിധി മറികടക്കാൻ ഒരു അപ്പീൽ സംവിധാനത്തെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരായ എതിർപ്പ് മൂടിവയ്ക്കാൻ ലോകായുക്തയെ തന്നെ ഇല്ലാതാക്കി ഭരിക്കാമെന്ന പിണറായി സർക്കാരിന്റെ ധാർഷ്ട്യത്തിന് ജനങ്ങൾ ഉചിതമായ മറുപടി നൽകും. സിപിഐക്ക് പറയാനുള്ളത് സെലക്ട് കമ്മിറ്റിയിൽ ഔദ്യോഗിക ഭേദഗതിയായി അവതരിപ്പിക്കാമെന്ന നിർദ്ദേശം സിപിഐക്ക് മൂക്കുകയറിട്ടതിന് തുല്യമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പിണറായി വിജയൻ കണ്ണുരുട്ടുമ്പോൾ കാനത്തിന്‍റെ കാൽമുട്ട് വിറയ്ക്കുന്നു. അതാണ് ലോകായുക്ത ബില്ലിൽ നമ്മൾ കണ്ടത്. ആത്മാഭിമാനം എന്നൊന്നുണ്ടെങ്കിൽ സി.പി.ഐ സ്വീകരിക്കുന്ന നിലപാടിൽ ഉറച്ചുനിൽക്കണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.