കാലുകുത്താൻ ഇടമില്ലാതെ പൂക്കൾ നിറഞ്ഞ് ലണ്ടനിലെ ഗ്രീൻ പാർക്ക്
യു.കെ: കാലുകുത്താൻ ഇടമില്ലാതെ പൂക്കൾ നിറഞ്ഞ് ലണ്ടനിലെ ഗ്രീൻ പാർക്ക്. ബക്കിംഗ്ഹാം കൊട്ടാരത്തിനോട് ചേർന്നുള്ള ഗ്രീൻ പാർക്ക്, എലിസബത്ത് രാജ്ഞയ്ക്കായി പുഷ്പാഞ്ജലി അർപ്പിക്കുന്നതിനുള്ള രണ്ട് ഔദ്യോഗിക പാർക്കുകളിൽ പ്രധാനപ്പെട്ടതാണ്.
രാജ്ഞിയോടുള്ള ആദരസൂചകമായി പൊതുജനങ്ങൾക്ക് പുഷ്പചക്രങ്ങൾ സമർപ്പിക്കാനും ബഹുമാനാർത്ഥം കുറിപ്പുകളും മറ്റ് വസ്തുക്കളും അവതരിപ്പിക്കാനും കഴിയുന്ന സ്ഥലമാണിത്. ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. ഗ്രീൻ പാർക്കിന്‍റെ ഉൾവശം ഇതിനകം പൂക്കളും കൈപ്പടയിൽ എഴുതിയ കുറിപ്പുകളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു.
പാർക്ക് കാണാനായും ധാരാളം ആളുകൾ ഇവിടെ എത്താറുണ്ട്. ജനങ്ങളുടെ വലിയ തിരക്ക് കാരണം ഈ മേഖല പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. നഗരത്തിന്റെ മറ്റ് ഇടങ്ങളിൽ നടക്കുന്ന അനുസ്മരണ ചടങ്ങുകളിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കളും ഇവിടേക്കാണ് കൊണ്ടുവരുന്നത്. ചുരുക്കത്തിൽ ഗ്രീൻ പാർക്ക് എലിസബത്ത് രാജ്ഞിയുടെ ഓർമ്മകളാൽ നിറഞ്ഞു കഴിഞ്ഞിരിക്കുന്നു.