ചാരക്കേസില്‍ ലുക്കൗട്ട് നോട്ടീസ് ; കെ വി തോമസിനെ വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചു
കൊച്ചി: ഐഎസ്ആർഒ ചാരക്കേസിലെ 12-ാം പ്രതിയായ റിട്ട. ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച ശേഷം തിരിച്ചയച്ചു. ഐബി മുൻ അസിസ്റ്റന്‍റ് ഡയറക്ടർ കെ വി തോമസിനെയാണ് കൊച്ചി വിമാനത്താവളത്തിൽ തടഞ്ഞത്. ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിയപ്പോഴാണ് ലുക്കൗട്ട് നോട്ടീസിനെക്കുറിച്ച് അറിഞ്ഞതെന്നും യാത്രാ നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ പുരോഗതി അറിയിക്കുകയോ അതിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ നൽകുകയോ ചെയ്യാത്ത സാഹചര്യമാണ്. വിമാനത്താവളത്തിലെത്തി മറ്റെല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്ന കാര്യം അറിയിക്കാതിരുന്നത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. ലണ്ടനിലുള്ള മകളെ കാണാൻ ഭാര്യയ്ക്കും തനിക്കും 3 ലക്ഷം രൂപയ്ക്കാണ് ടിക്കറ്റ് വാങ്ങിയത്. മാനസികമായി പീഡനം അനുഭവിക്കേണ്ടിവന്ന അവസ്ഥയാണ്. ചാരക്കേസിന്റെ പേരില്‍ തന്നെ 1994 മുതല്‍ വേട്ടയാടുകയാണ്.
കേസിൽ തനിക്ക് പങ്കില്ലെന്ന് സി.ബി.ഐ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. കുറ്റപത്രം സമർപ്പിക്കാത്തതിലൂടെ സി.ബി.ഐ തന്നെ ഉപദ്രവിക്കുകയാണെന്നും രാജ്യസ്നേഹിയായതിന്‍റെ പേരിൽ സ്വാതന്ത്ര്യദിനത്തിൽ സി.ബി.ഐ തനിക്ക് നൽകിയ സമ്മാനമാണിതെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെ വി തോമസ്.