അയ്യപ്പന് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന; ഭക്തിനിർഭരമായി സന്നിധാനം
പത്തനംതിട്ട: മണ്ഡലപൂജയ്ക്കായി അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്തെത്തി. വെള്ളിയാഴ്ച രാവിലെ ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്.
വൈകിട്ട് 5.30 ഓടെ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ശരംകുത്തിയിൽ തങ്ക അങ്കി ഏറ്റുവാങ്ങി. സന്നിധാനത്ത് സ്വീകരിച്ച ശേഷം വിഗ്രഹത്തിൽ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടത്തി.
ആയിരക്കണക്കിന് ഭക്തരാണ് അയ്യപ്പനെ ദർശിക്കാൻ എത്തിയത്. അത്താഴപൂജയ്ക്ക് ശേഷം തങ്ക അങ്കി അഴിച്ചു വയ്ക്കും. മണ്ഡലപൂജ ചൊവ്വാഴ്ചയാണ്.