വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിൽ പിതാവിനെ നഷ്ടപ്പെട്ടു, രാജ്യത്തെയും വിട്ടുകൊടുക്കില്ല: രാഹുൽ ഗാന്ധി
ചെന്നൈ: വിദ്വേഷത്തിന്‍റെയും വിഭജനത്തിന്‍റെയും രാഷ്ട്രീയത്തിൽ തനിക്ക് പിതാവിനെ നഷ്ടപ്പെട്ടുവെന്നും രാജ്യത്തേയും അങ്ങനെ വിട്ടുകൊടുക്കില്ലെന്നും രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി രാജീവ് ഗാന്ധിയുടെ മരണസ്ഥലത്തും ശ്രീപെരുംപുത്തൂരിലെ സ്മൃതിമണ്ഡപത്തിലും പുഷ്പാർച്ചന നടത്തിയ ശേഷം ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
‘വിദ്വേഷത്തിന്റേയും വിഭജനത്തിന്റേയും രാഷ്ട്രീയത്തില്‍ എനിക്ക് എന്റെ പിതാവിനെ നഷ്ടമായി. എന്റെ പ്രിയപ്പെട്ട രാജ്യവും അതുപോലെ നഷ്ടമായിക്കൂടാ. സ്‌നേഹം വെറുപ്പിനെ കീഴടക്കും. പ്രതീക്ഷ ഭയത്തെ പരാജയപ്പെടുത്തും. ഒരുമിച്ച്, നമ്മള്‍ മറികടക്കും’ രാഹുൽ ട്വീറ്റ് ചെയ്തു.
രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര ഇന്ന് വൈകിട്ട് അഞ്ചിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കും. അതിന് മുന്നോടിയായാണ് അദ്ദേഹം രാജീവ് ഗാന്ധിയുടെ സ്മാരകത്തിൽ പ്രാർത്ഥന നടത്തിയത്.