ലോകകപ്പിലെ ഏറ്റവും വലിയ പരാജയമാണ് റൊണാൾഡോയുടേതെന്ന് ലോഥർ മാത്യൂസ്

ഖത്തറിൽ ലോകകപ്പ് അവസാനിച്ചതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ജർമ്മനി ക്യാപ്റ്റൻ ലോഥർ മാത്യൂസ്. ലോകകപ്പിലെ ഏറ്റവും വലിയ പരാജയമാണ് റൊണാൾഡോയുടേതെന്ന് മാത്യൂസ് പറഞ്ഞു.

“റൊണാൾഡോ തന്‍റെ ഈഗോ ഉപയോഗിച്ച് തനിക്കും ടീമിനും ഒരു വലിയ നഷ്ടം വരുത്തി, റൊണാൾഡോ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണെന്നതിൽ സംശയമില്ല, പക്ഷേ ഇപ്പോൾ അദ്ദേഹം തന്‍റെ പ്രതിച്ഛായ നശിപ്പിച്ചു. ഇനി ഏതെങ്കിലും ഒരു ടീമിൽ അദ്ദേഹത്തിന് സ്ഥാനം ലഭിക്കുമോ എന്ന് ഞാൻ സംശയിക്കുന്നു. തീർച്ചയായും റൊണാൾഡോ ഈ ലോകകപ്പിലെ ഏറ്റവും വലിയ പരാജയമാണ്,” മാത്യൂസ് പറഞ്ഞു.

ഖത്തർ ലോകകപ്പിൽ പോർച്ചുഗലിന്‍റെ യാത്ര ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു. അതേസമയം, നോക്കൗട്ട് റൗണ്ടിലെ രണ്ട് മത്സരങ്ങളിലും ആദ്യ ഇലവനിൽ റൊണാൾഡോയെ ഉൾപ്പെടുത്താതിരുന്നതും വലിയ ചർച്ചാവിഷയമായി. ലോകകപ്പിന് തൊട്ടുമുമ്പാണ് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് റൊണാൾഡോ വിടവാങ്ങിയത്.