കോമൺ വെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ലവ്പ്രീതിനും ഗുർദീപിനും വെങ്കലം

കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ലവ്പ്രീത് സിങ് വെങ്കല മെഡൽ നേടി. പുരുഷൻമാരുടെ 109 കിലോഗ്രാം വിഭാഗത്തിലാണ് അദ്ദേഹം വിജയിച്ചത്. ആകെ 355 കിലോ ഭാരം ഉയർത്തി. സ്നാച്ചിൽ 163 കിലോഗ്രാം ഉയർത്തി ദേശീയ റെക്കോർഡ് സ്ഥാപിച്ചു. ക്ലീൻ ആൻഡ് ജെർക്കിൽ 192 കിലോഗ്രാം. 109ന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഗുർദീപ് സിംഗും വെങ്കലം നേടി. ആകെ 390 കിലോയാണ് ഉയർത്തിയത്. ബർമിങ്ഹാമിൽ ഭാരോദ്വഹനത്തിൽ മൂന്ന് സ്വർണം ഉൾപ്പെടെ 10 മെഡലുകളാണ് ഇന്ത്യ നേടിയത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ വെയിൽസിന്‍റെ ഹെലൻ ജോൺസിനെ 5-0ന് നിഖത്ത് തോൽപ്പിച്ചു. സെമിയിൽ ഇംഗ്ലണ്ടിന്‍റെ സാവന്ന ആൽഫി സ്റ്റബ്ലിയെ നേരിടും. ശനിയാഴ്ചയാണ് മത്സരം.

ഹൈജമ്പിൽ തേജസ്വിൻ ശങ്കർ വെങ്കലം നേടി. 2.22 മീറ്റർ ചാടിയാണ് അദ്ദേഹം മത്സരം ജയിച്ചത്. അത്ലറ്റിക്സിലെ ആദ്യ മെഡലാണിത്. ഹൈജമ്പിൽ കോമൺവെൽത്ത് ഗെയിംസ് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. 23 കാരനായ താരം ആദ്യ ജമ്പിൽ 2.10 മീറ്റർ മറികടന്നു. തുടർന്ന് 2.15, 2.19, 2.22 മീറ്റർ. ഒടുവിൽ 2.25 മീറ്റർ ദൂരം കടക്കാനായില്ല. ന്യൂസിലാൻഡിന്‍റെ ഹാമിഷ് കെർ (2.25) ആണ് സ്വർണം നേടിയത്. ഓസ് ട്രേലിയയുടെ ബ്രെൻഡൻ സ്റ്റാർക്ക് വെള്ളി മെഡൽ നേടി.

തുലിക മാൻ അവസാന നിമിഷം സ്വർണം കൈവിട്ടു. കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 78 കിലോയ്ക്ക് മുകളിലുള്ള ജൂഡോ ഫൈനലിൽ മുന്നിലെത്തിയ ശേഷമാണ് തുലിക കീഴടങ്ങിയത്. മത്സരം അവസാനിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്, സ്കോട്ട്ലൻഡിന്‍റെ സാറാ അഡ്ലിങ്ടൺ തുലികയെ മലർത്തിയടിക്കുകയായിരുന്നു.