ലഫ്: ഗവര്‍ണര്‍ രാജിവയ്ക്കണം; ഡല്‍ഹി നിയമസഭയില്‍ നിശാധര്‍ണ്ണ

ഡൽഹി: ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയുടെ രാജി ആവശ്യപ്പെട്ട് ദില്ലി നിയമസഭയ്ക്കുള്ളില്‍ ധര്‍ണയുമായി ആം ആദ്മി എംഎൽഎമാർ. എല്ലാ എഎപി എംഎല്‍എമാരും തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് ഗാന്ധി പ്രതിമയ്ക്ക് താഴെ ധര്‍ണ ഇരിക്കുമെന്നും അവര്‍ രാത്രി നിയമസഭയ്ക്കുള്ളില്‍ തങ്ങുമെന്നും എഎപി എംഎല്‍എ സൗരഭ് ഭരദ്വാജ് അറിയിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സക്സേന രാജിവയ്ക്കണമെന്നാണ് എഎപിയുടെ ആവശ്യം. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെവിഐസി) ചെയര്‍മാനായിരുന്ന കാലത്ത് സക്‌സേന അഴിമതി നടത്തിയെന്ന് എഎപി ആരോപിക്കുന്നു. 1,400 കോടി രൂപയുടെ അഴിമതി നടത്തിയതായാണ് എഎപി  എംഎല്‍എ ദുര്‍ഗേഷ് പഥക് നിയമസഭയില്‍ ആരോപിച്ചത്. വികെ സക്സേന കള്ളനാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള പ്ലക്കാർഡുകളുമേന്തി എഎപി എംഎൽഎമാർ ഡൽഹി നിയമസഭാ സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രതിഷേധിച്ചിരുന്നു.