പ്രയാഗ് രാജിലും വാരാണസിയിലും ലുലുമാൾ തുറക്കുന്നു

മുംബൈ: യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ വിവിധ നഗരങ്ങളിലായി 12 മാളുകൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. ഗുരുഗ്രാം, നോയിഡ, പ്രയാഗ് രാജ്, വാരണാസി തുടങ്ങിയ സ്ഥലങ്ങളിൽ ബൃഹത്തായ വികസന പദ്ധതികളാണ് ഗ്രൂപ്പ് ആലോചിക്കുന്നത്.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 12 മാളുകൾ സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നതായി ലുലു ഗ്രൂപ്പ് ഇന്ത്യ ഷോപ്പിംഗ് മാൾ ഡയറക്ടർ ഷിബു ഫിലിപ്സ് പറഞ്ഞു. കോഴിക്കോട്, തിരൂർ, പെരിന്തൽമണ്ണ, കോട്ടയം, പാലക്കാട്, നോയിഡ, വാരണാസി, പ്രയാഗ് രാജ്, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് മാളുകൾ തുറക്കുക. നിലവിൽ കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, ബെംഗളൂരു, ലക്നൗ എന്നിവിടങ്ങളിലാണ് ലുലു മാൾ സ്ഥിതി ചെയ്യുന്നത്.

ലുലു ഗ്രൂപ്പിന്‍റെ പ്രധാന വിപണിയാണ് യുപിയെന്നും ലഖ്നൗവിലെ മാളിനായി 2,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഷിബു പറഞ്ഞു. പ്രയാഗ് രാജിലും വാരണാസിയിലും ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. അതിന് ശേഷം കാൺപൂരിലെ മാളിന്‍റെ നിർമ്മാണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2013ലാണ് ലുലു ഗ്രൂപ്പ് ഇന്ത്യയിലെ ആദ്യ മാൾ കൊച്ചിയിൽ സ്ഥാപിച്ചത്.