എംബി രാജേഷിന് വിദ്യാഭ്യാസം; വീണ്ടും ഞെട്ടിക്കുമോ സിപിഎം?

തിരുവനന്തപുരം: എം.വി ഗോവിന്ദന് പകരം എം.ബി രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതോടെ വകുപ്പുമാറ്റത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എം ബി രാജേഷിന് വിദ്യാഭ്യാസ വകുപ്പ് നൽകിയേക്കുമെന്നാണ് സൂചന. എം വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് നിലവിലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നല്‍കിയേക്കും എന്നാണ് സൂചന.

ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൊള്ളും. എം വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്ന് സമഗ്രമായ മന്ത്രിസഭാ പുനഃസംഘടന ആവശ്യമില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ വലിയ മാറ്റം ഇല്ലെങ്കിലും ഗുണപരമായ ചില വകുപ്പ് മാറ്റങ്ങള്‍ നടത്തിയേക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം ചേർന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് എം വി ഗോവിന്ദന് പകരം എം ബി രാജേഷിനെ മന്ത്രിയാക്കിയത്. എന്നാൽ, വകുപ്പിന്‍റെ കാര്യത്തിൽ തീരുമാനമായില്ല. എം ബി രാജേഷും വകുപ്പിനെക്കുറിച്ച് വളരെ കരുതലോടെയാണ് പ്രതികരിച്ചത്. മന്ത്രിസഭാ മാറ്റങ്ങളെക്കുറിച്ച് മറ്റ് വിശദമായ ചർച്ചകളൊന്നും യോഗത്തിൽ നടന്നില്ല.