എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് എം.ബി.രാജേഷ് സത്യപ്രതിജ്ഞ ചെയ്തത്. തദ്ദേശ, എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായ ഒഴിവിലാണ് സ്പീക്കറായിരുന്ന എം.ബി.രാജേഷ് മന്ത്രിസ്ഥാനത്തെത്തിയത്.

എം.ബി രാജേഷിന്‍റെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിച്ച് ഗവർണറെ അറിയിക്കും. രാജേഷിന് തദ്ദേശ, എക്സൈസ് വകുപ്പുകൾ നൽകാനാണ് പാർട്ടി തീരുമാനം. അതേസമയം വകുപ്പുകളിൽ മാറ്റത്തിന് സാധ്യതയുണ്ടെന്നും സൂചനയുണ്ട്. എം ബി രാജേഷിന്‍റെ കുടുംബാംഗങ്ങൾ, മന്ത്രിസഭയിലെ അംഗങ്ങൾ, പ്രതിപക്ഷ നേതാവ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. തൃത്താലയിൽ നിന്നുള്ള എം.എൽ.എയാണ് എം.ബി രാജേഷ്. 2009 ലും 2014 ലും പാലക്കാട് എംപിയായിരുന്നു.

സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം.കെ.രമണിയുടെയും മകനായി 1971 മാർച്ച് 12നു പഞ്ചാബിലെ ജലന്തറിലാണ് എം.ബി.രാജേഷിന്റെ ജനനം. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പി.ജിയും ലോ അക്കാദമിയിൽ നിന്ന് നിയമബിരുദവും നേടി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്, അഖിലേന്ത്യാ പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്. ഡി.വൈ.എഫ്.ഐ മുഖപത്രമായ ‘യുവധാര’യുടെ പത്രാധിപരായിരുന്നു. ഭാര്യ: കാലിക്കറ്റ് വാഴ്സിറ്റി യൂണിയൻ മുൻ ചെയർപഴ്സൻ ഡോ.നിനിത കണിച്ചേരി (അസി. പ്രഫസർ, കാലടി സർവകലാശാല) കെഎസ്‌ടിഎ മുൻ സംസ്‌ഥാന നേതാവ് റഷീദ് കണിച്ചേരിയുടെ മകളാണ്. മക്കൾ: നിരഞ്ജന, പ്രിയദത്ത (വിദ്യാർഥികൾ)