ആർഎസ്എസ് മേധാവിയുടെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് എം എ ബേബി

തിരുവനന്തപുരം: വിജയദശമി പ്രസംഗത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം എ ബേബി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പുതിയ കുപ്പിയിൽ പഴയ വീഞ്ഞുമായി വീണ്ടും വന്നിട്ടുണ്ടെന്ന് എം എ ബേബി വിമർശിച്ചു. തൊഴിലില്ലായ്മയും ദാരിദ്ര്യവും കാരണം രാജ്യം പ്രതിസന്ധി നേരിടുമ്പോൾ ഇവരുടെ മനസ്സിൽ മതവിദ്വേഷമല്ലാതെ മറ്റൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വേണമെന്നും ഇന്ത്യയിൽ മതാടിസ്ഥാന അസമത്വവും നിർബന്ധിത മതപരിവർത്തനവും മൂലം രാജ്യത്തിന്‍റെ തനിമ നഷ്ടപ്പെടുകയാണെന്നുമുള്ള മോഹൻ ഭാഗവതിന്‍റെ പരാമർശത്തിനെതിരെയാണ് എം എ ബേബി രംഗത്തെത്തിയത്.

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെല്ലാം ചേർന്ന് 15 ശതമാനത്തിൽ താഴെയെ വരൂ. അവരുടെ വളർച്ച എത്രമാത്രം അസമത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാലും, 85 ശതമാനത്തെ വെല്ലുവിളിക്കാൻ അത് പര്യാപ്തമല്ലെന്ന് എല്ലാ ജനസംഖ്യാ വിദഗ്ദരും സമ്മതിക്കുന്നു. 500 വർഷത്തെ കൊളോണിയൽ ഭരണത്തിന് ശേഷം നടന്ന എല്ലാ മതപരിവർത്തനങ്ങളും കൊണ്ട് ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഒരു ശതമാനത്തിന് അല്പം കൂടുതൽ മാത്രമാണ്. ഈ ഒരു ശതമാനം വളർന്ന് ഇന്ത്യയുടെ മതസ്വത്വത്തെ നശിപ്പിക്കുമെന്നാണ് ആർഎസ്എസ് മേധാവി പറയുന്നത്. 

85 ശതമാനം വരുന്ന ഹിന്ദുക്കളെ ഉൾപ്പെടെ ഇന്ത്യയെ മൊത്തത്തിൽ ബാധിക്കുന്ന പ്രശ്നം വർദ്ധിച്ചുവരുന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമൂഹിക അസമത്വം എന്നിവയാണ്. അതിനെ ചെറുക്കാൻ വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ് ദേശവിരുദ്ധ ശക്തിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.