അപകീർത്തികരമായ പരാമർശം നടത്തി; ജാക്വിലിനെതിരെ പരാതി നൽകി നോറ ഫത്തേഹി

ന്യൂഡൽഹി: നടി ജാക്വലിൻ ഫെർണാണ്ടസിനും മറ്റ് 15 മാധ്യമ സ്ഥാപനങ്ങൾക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടി നോറ ഫത്തേഹി പരാതി നൽകി. ജാക്വലിൻ ഫെർണാണ്ടസിന്‍റെ പരാമർശം വാർത്തയാക്കി പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണു മാധ്യമ സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതി. ജാക്വിലിനും മാധ്യമങ്ങളും പരസ്പരം ഒത്തൊരുമയോടെയാണ് പ്രവർത്തിക്കുന്നതെന്ന് നോറ കുറ്റപ്പെടുത്തി.

തന്‍റെ സാമ്പത്തികവും സാമൂഹികവും വ്യക്തിപരവുമായ തകർച്ച ഉറപ്പാക്കാൻ ജാക്വലിൻ ഗൂഢാലോചന നടത്തിയെന്ന് നോറ പരാതിയിൽ ആരോപിക്കുന്നു. തന്‍റെ കരിയറിലെ വളർച്ച ഒരു ഭീഷണിയായി അവർ കണക്കാക്കുന്നു. ബോളിവുഡ് വ്യവസായത്തിൽ തന്നോട് മത്സരിക്കാനാകാതെ തന്‍റെ പ്രശസ്തി കളങ്കപ്പെടുത്താൻ ജാക്വലിൻ ശ്രമിക്കുകയാണെന്നും അതുവഴി അവസരങ്ങൾ കുറയ്ക്കാനാണ് ശ്രമമെന്നും പരാതിയിൽ പറയുന്നു.

“സിനിമാ മേഖലയിൽ വ്യക്തികളുടെ പ്രശസ്തി വളരെ പ്രധാനമാണ്. അതിലെ ഏത് കളങ്കവും അവരുടെ കരിയറിന് വളരെയധികം ദോഷം ചെയ്യും. എല്ലാ കുറ്റാരോപിതർക്കും ഇക്കാര്യം നന്നായി അറിയാം. അതിനാൽ, അവർ ചെയ്ത അപകീർത്തിപ്പെടുത്തൽ ദുരുദ്ദേശപരമാണ്” , പരാതിയിൽ പറയുന്നു.