മധു വധക്കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ ഇന്ന് വിസ്തരിക്കും

പാലക്കാട്: മധു വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ടി.കെ സുബ്രഹ്മണ്യനെ ഇന്ന് വിചാരണക്കോടതിയിൽ വിസ്തരിക്കും. അഗളി ഡിവൈഎസ്പി ആയിരുന്ന ടി.കെ സുബ്രഹ്മണ്യനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. സബ് കളക്ടർ ആയിരുന്ന ജെറോമിക് ജോർജിന്‍റെ വിസ്താരം ഈ മാസം 24ന് ശേഷം തീരുമാനിക്കും. മുൻ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജാണ് മജിസ്റ്റീരിയൽ റിപ്പോർട്ട് തയ്യാറാക്കിയത്. ചോദ്യം ചെയ്യലിനെതിരെ പ്രതിഭാഗം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. എന്നാൽ വിധി പറയുന്നത് ഈ മാസം 24ലേക്ക് മാറ്റിയിരുന്നു.

മധുവിന്‍റെ മരണം കസ്റ്റഡി മരണമാണോ എന്നറിയാൻ 2018ൽ ഒറ്റപ്പാലം സബ് കളക്ടർ ആയിരുന്ന ജെറോമിക് ജോർജിന്‍റെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയിരുന്നു. മുക്കാലിയിൽ നിന്ന് മധുവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി. ആൾക്കൂട്ടം മധുവിന് നേരെ മനുഷ്യത്വരഹിതമായ ആക്രമണമാണ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

വിവിധ മോഷണക്കേസുകളിൽ ഉൾപ്പെട്ട മധുവിനെ പിടികൂടിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് അഡീഷണൽ എസ്.ഐ പ്രസാദ് വർക്കിയുടെ നേതൃത്വത്തിലുള്ള പൊലീസ് മുക്കാലിയിലെത്തിയത്. മധുവിനെ കസ്റ്റഡിയിലെടുത്തപ്പോൾ മധുവിന്‍റെ ശരീരത്തിൽ പ്രകടമായ പരുക്കുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല. മുക്കാലിയിൽ നിന്ന് പൊലീസ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ മധു ഛർദ്ദിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. വൈകിട്ട് 4.15 ഓടെ മധുവിനെ അടുത്തുള്ള ആശുപത്രിയായ അഗളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ചു. മധുവിനെ ആശുപത്രിയിലെത്തിച്ചപ്പോൾ പരിശോധിച്ച ഡോക്ടർ മധു മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റൊരു മജിസ്റ്റീരിയൽ റിപ്പോർട്ട് തയ്യാറാക്കിയ മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം രമേശിനെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു.