വോട്ടർ പട്ടികയിൽ വിലാസമില്ലാത്തവരുടെ ഫോൺ നമ്പറുകൾ തരൂരിന് നൽകിയെന്ന് മധുസൂദൻ മിസ്ത്രി
ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ വോട്ടർ പട്ടികയിൽ വിലാസമില്ലാത്തവരുടെ ഫോൺ നമ്പറുകൾ ശശി തരൂരിന് കൈമാറിയെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് അതോറിറ്റി. 68 പോളിംഗ് ബൂത്തുകളിലൂടെ രഹസ്യ ബാലറ്റ് വഴി സുതാര്യമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തുമെന്നും തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി അറിയിച്ചു.
9,000 വോട്ടർമാരുള്ള പട്ടികയിൽ വിലാസമോ ബൂത്ത് വിവരങ്ങളോ ഇല്ലാത്ത 3,267 പേരുണ്ട്. ഇത് പ്രചാരണത്തെ ബാധിക്കുന്നുവെന്ന് പറഞ്ഞ ശശി തരൂർ വോട്ടർമാരുടെ വിശദാംശങ്ങൾ ലഭ്യമാക്കാൻ തിരഞ്ഞെടുപ്പ് അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഫോൺ നമ്പറുകൾ തരൂരിന് നൽകിയത്. മൂവായിരത്തോളം പേരുടെ വിലാസം ഇപ്പോഴും ലഭ്യമല്ല.
പി.സി.സി, എ.ഐ.സി.സി, ഭാരത് ജോഡോ യാത്ര എന്നിവിടങ്ങളിലായി 68 പോളിംഗ് ബൂത്തുകൾ ഉണ്ടാകുമെന്ന് മിസ്ത്രി പറഞ്ഞു. അതേസമയം വോട്ടർമാരുടെ ഫോൺ നമ്പറുകൾ നൽകിയതിൽ തരൂർ സംതൃപ്തി പ്രകടിപ്പിച്ചു. ചില മുതിർന്ന നേതാക്കൾ തനിക്കെതിരെ പ്രചാരണം നടത്തുന്നുണ്ടെന്നും എന്നാൽ രഹസ്യ ബാലറ്റ് വഴി വോട്ടെടുപ്പ് നടത്തുന്നത് ഗുണം ചെയ്യുമെന്നും തരൂർ പറഞ്ഞു. തരൂരിന്റെ ഇന്നത്തെ പ്രചാരണം അഹമ്മദാബാദിലായിരുന്നു. മല്ലികാർജുൻ ഖാർഗെ ഭോപ്പാലിലും ചണ്ഡിഗഡിലും പ്രചാരണം നടത്തി. വോട്ടവകാശമുള്ള എല്ലാവർക്കും വോട്ട് അഭ്യർത്ഥിച്ച് ഖാർഗെ കത്തയച്ചിട്ടുണ്ട്. ഉദയ്പൂർ പ്രഖ്യാപനം നടപ്പാക്കുമെന്നും ഖാർഗെ ഉറപ്പുനൽകി. ഇതിനിടെ ഖാർഗെയുമായി രമേശ് ചെന്നിത്തല ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.