പ്രാർത്ഥനാ പുണ്യം പകരുന്ന മഹാനവമി ഇന്ന്
പെരിന്തൽമണ്ണ: ദേവീ പ്രാർത്ഥനയുടെ പുണ്യം പകരുന്ന മഹാനവമി ഇന്ന്. ഇന്ന് ദേവീപൂജയ്ക്ക് മാത്രമുള്ള ദിവസമാണ്. മഹാനവമി ദിനത്തിൽ സമ്പൂർണ്ണ ഉപവാസം അനുഗ്രഹദായകമാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും.
ഇന്ന് രാവിലെയും വൈകുന്നേരവും ക്ഷേത്രങ്ങളിൽ ഒരുക്കിയ പുസ്തകപൂജ മണ്ഡപങ്ങളിൽ സരസ്വതി പൂജ നടക്കും. പ്രധാന ക്ഷേത്രങ്ങളിലെല്ലാം പുസ്തകപൂജകൾ നടന്നു. ആരാധനയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഉത്സവദിനമാണ് വിജയദശമി. വ്രതം നോറ്റ് വിദ്യാർത്ഥികൾ വിദ്യാ ദേവതയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കും. നാളെ രാവിലെ സരസ്വതി പൂജയ്ക്ക് ശേഷമാണ് പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം, വാഹനപൂജ എന്നിവ നടക്കും. ക്ഷേത്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, അക്ഷരോപാസനാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ദുർഗാഷ്ടമിയോടനുബന്ധിച്ച് ഇന്നലെ ദുർഗ്ഗാ ദേവിക്ക് പ്രത്യേക പ്രാർഥനയുമായി ക്ഷേത്രങ്ങളിലെല്ലാം തിരക്ക് അനുഭവപ്പെട്ടു. മഹാനവമി ദിനമായ ഇന്ന് മഹാലക്ഷ്മിയെയും വിജയദശമി ദിനത്തിൽ മഹാ സരസ്വതിയെയും ആരാധിക്കും.