കേരള ഫുട്ബോൾ ടീമിന് പരിശീലിക്കാൻ മഹാരാജാസ് ഗ്രൗണ്ടും അംബേദ്കർ സ്റ്റേഡിയവും ലഭ്യമാകും

കൊച്ചി: ദേശീയ ഗെയിംസിനുള്ള കേരള ഫുട്ബോൾ ടീമിന് പരിശീലന വേദി ലഭിക്കാൻ വഴിയൊരുങ്ങുന്നു. കേരള ഫുട്ബോൾ അസോസിയേഷന്‍റെ ശ്രമഫലമായി മഹാരാജാസ് ഗ്രൗണ്ടും അംബേദ്കർ സ്റ്റേഡിയവും പരിശീലനത്തിനായി ലഭ്യമാക്കും. മഹാരാജാസിൽ നടക്കുന്ന കേരള വനിതാ ലീഗ് ഫുട്ബോൾ കണക്കിലെടുത്താണ് പരിശീലനത്തിനായി അംബേദ്കർ സ്റ്റേഡിയവും ഒരുക്കുന്നത്. കോതമംഗലം എം.എ കോളേജിൽ ജിംനേഷ്യം, നീന്തൽക്കുളം, ഗ്രൗണ്ട് എന്നിവയുൾപ്പെടെയുള്ള പരിശീലന സൗകര്യങ്ങൾ സൗജന്യമായി നൽകുമെന്ന് എം.എ അസോസിയേഷൻ സെക്രട്ടറി ഡോ.വിന്നി വർഗീസ് വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ, കോതമംഗലത്ത് ടീമിന് അനുയോജ്യമായ താമസസൗകര്യം ഒരുക്കുന്നതിന്‍റെ പരിമിതി തടസ്സമായി. തുടർന്ന് മഹാരാജാസ് ഗ്രൗണ്ടും അംബേദ്കർ സ്റ്റേഡിയവും മാറിമാറി ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പരിശീലന സൗകര്യങ്ങൾ തേടിയിരുന്നെങ്കിലും അനുകൂല പ്രതികരണം ലഭിക്കാതെ ടീമിന്‍റെ പരിശീലനം പ്രതിസന്ധിയിലായിരുന്നു.