മഹാരാഷ്ട്ര രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് തിരിച്ചടി
മുംബൈ: മഹാരാഷ്ട്രയിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള ഭരണ സഖ്യത്തിന് തിരിച്ചടി നേരിട്ടു. ഫലം പ്രഖ്യാപിക്കാനിരുന്ന ആറാം സീറ്റിൽ ബിജെപിയുടെ ധനഞ്ജയ് മഹാദിക് ശിവസേനയുടെ സഞ്ജയ് പവാറിനെ പരാജയപ്പെടുത്തി. അപ്രതീക്ഷിതമായി 10 വോട്ടുകൾ ബിജെപിക്ക് അനുകൂലമായി പോൾ ചെയ്തതായാണ് വിവരം. ബിജെപിയും ശിവസേന സഖ്യവും മൂന്ന് സീറ്റുകൾ വീതം നേടി. രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് വരാനിരിക്കുന്ന എംഎൽസി തെരഞ്ഞെടുപ്പിനെയും സ്വാധീനിക്കാൻ സാധ്യതയുണ്ട്.
ധനഞ്ജയ് മഹാദിക്കിനെ കൂടാതെ ബി.ജെ.പിയുടെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, അനിൽ ബോണ്ടെ, കോണ്‍ഗ്രസിന്റെ ഇമ്രാൻ പ്രതാപ്ഗര്‍ഹി, എൻ.സി.പിയുടെ പ്രഫുൽ പട്ടേൽ, ശിവസേനയുടെ സഞ്ജയ് റാവത്ത് എന്നിവരാണ് വിജയിച്ചത്. പിയൂഷ് ഗോയലിനും അനിൽ ബോണ്ടിനും 48 വോട്ടുകൾ വീതമാണ് ലഭിച്ചത്. ജയിക്കാൻ വേണ്ടിയിരുന്നത് 41 വോട്ടുകളായിരുന്നു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പോരാട്ടത്തിനല്ല, വിജയത്തിനാണ് എന്ന് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ട്വീറ്റ് ചെയ്തു. അറസ്റ്റിലായ മന്ത്രി നവാബ് മാലിക്കിനും മുൻ മന്ത്രി അനിൽ ദേശ്മുഖിനും കോടതി ജാമ്യം അനുവദിക്കാത്തതാണ് ശിവസേനയ്ക്ക് തിരിച്ചടിയായത്. ബി.ജെ.പിയും ശിവസേനയും ക്രോസ് വോട്ടിംഗും ചട്ടലംഘനവും നടത്തിയെന്ന പരാതിയുടെ പശ്ചാത്തലത്തിൽ എട്ട് മണിക്കൂർ വൈകിയാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചത്.