മഹിഷാസുരന് പകരം ഗാന്ധിജിയുടെ രൂപം;ഹിന്ദു മഹാസഭ സ്ഥാപിച്ച പ്രതിമ വിവാദത്തില്‍

കൊല്‍ക്കത്ത: കൊൽക്കത്തയിൽ ഹിന്ദു മഹാസഭ സംഘടിപ്പിച്ച ദുർഗാ പൂജയുടെ ഭാഗമായി സ്ഥാപിച്ച പ്രതിമ വിവാദത്തിൽ. അസുര രാജാവായ മഹിഷാസുരനെ വധിക്കുന്ന ദുർഗ്ഗാ ദേവിയുടെ വിഗ്രഹത്തിൽ മഹിഷാസുരന് പകരം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോട് സമാനമായ രൂപമാണ് ഹിന്ദു മഹാസഭ സ്ഥാപിച്ചിരിക്കുന്നത്.

ഗാന്ധി ജയന്തി ദിനത്തില്‍ സ്ഥാപിച്ച പ്രതിമയില്‍ അസുരന് പകരം വെച്ച രൂപത്തില്‍ മൊട്ടത്തലയും, വട്ട കണ്ണടയും, ധോത്തിയും ധരിച്ച വൃദ്ധനായ മനുഷ്യനെ ദുര്‍ഗാ ദേവി വധിക്കുന്നതായി കാണാം. സംഭവം വിവാദമായതോടെ രൂപത്തിലെ സാമ്യത യാദൃശ്ചികമാണെന്ന വാദവുമായി ഹിന്ദു മഹാസഭ രംഗത്തെത്തി.

മാധ്യമപ്രവർത്തകനായ ഇന്ദ്രദീപ് ഭട്ടാചാര്യയാണ് പ്രതിമയുടെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എന്നാല്‍ ആഘോഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിടയാക്കുമെന്ന പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് ട്വീറ്റ് നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്.