ഇംഗ്ലീഷ് ചാനലിൽ വൻ അപകടം; തിരച്ചിൽ തുടർന്ന് രക്ഷാപ്രവർത്തകർ
കുടിയേറ്റക്കാരുമായി യാത്ര ചെയ്ത ചെറു ബോട്ട് ഇംഗ്ലീഷ് ചാനലിൽ മറിഞ്ഞു. 50 ഓളം കുടിയേറ്റക്കാരുമായി എത്തിയ ഡിങ്കി ബോട്ട് തണുത്തുറയുന്ന ഇംഗ്ലീഷ് ചാനലിൽ വച്ച് തകരുകയായിരുന്നു. മൂന്ന് യാത്രികർ മരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിരാവിലെ ചെറിയ ബോട്ടുകളിൽ രാജ്യത്തേക്ക് കുടിയേറാൻ ശ്രമിക്കുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വിശദീകരിച്ചതിന് പിന്നാലെയാണ് ഇംഗ്ലീഷ് ചാനലിലെ സംഭവം.
കോസ്റ്റ് ഗാർഡും നാവികസേനയുമാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. കെന്‍റിലെ ഡഞ്ചെനീസിന് സമീപമാണ് ബോട്ട് തകർന്നുവീണത്. മൈനസ് നാലു ഡിഗ്രി സെൽഷ്യസ് താപനിലയുണ്ടായിരുന്ന പ്രദേശത്താണ് ബോട്ട് തകർന്നത്. ബോട്ടിൽ അമ്പതോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ഇതിൽ 43 പേരെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പകൽ മുഴുവൻ തുടർന്ന തെരച്ചിൽ രാത്രി വൈകും വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, അവശേഷിക്കുന്നവർക്ക് വേണ്ടിയുള്ള തിരച്ചിൽ രക്ഷാപ്രവർത്തനത്തിന്‍റെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ മേഖലയിലെ താപനില അനുവദിക്കില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.