ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെതിരെ മേജർ പെനൽറ്റി നടപടികൾ തുടങ്ങും: കെഎസ്ആർടിസി

കൊച്ചി: കെഎസ്ആർടിസിയിൽ മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാർക്കെതിരെ മേജർ പെനൽറ്റി ചുമത്താനുള്ള നടപടികൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു. യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ശമ്പളത്തിൽ നിന്ന് നഷ്ടം ഈടാക്കുന്നുവെന്നാരോപിച്ച് 107 ജീവനക്കാർ നൽകിയ ഹർജി കോടതി തീർപ്പാക്കി.

കഴിഞ്ഞ ജൂൺ 26ന് നാല് ഡിപ്പോകളിൽ നടന്ന മിന്നൽ പണിമുടക്കിൽ നഷ്ടം വന്ന 9,50,137 രൂപ ശമ്പളത്തിൽ നിന്ന് ഈടാക്കാനുള്ള നീക്കത്തിനെതിരെ 107 ജീവനക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.

അന്വേഷണം ഉണ്ടായില്ലെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ കർശന നടപടി നേരിടാൻ തയ്യാറാണെന്നും ട്രേഡ് യൂണിയനുകൾ അറിയിച്ചു. കെ.എസ്.ആർ.ടി.സി പരാമർശിക്കുന്ന മേജർ പെനൽറ്റി നടപടികൾ സാധ്യമാണെന്ന് പറഞ്ഞ കോടതി അതുവരെ നിലവിലുള്ള നഷ്ടം വീണ്ടെടുക്കൽ നടപടികൾ നിരോധിച്ചു. അപ്രായോഗികമായ ഷെഡ്യൂൾ നിശ്ചയിച്ചതാണ് പ്രതിഷേധത്തിലേക്ക് നയിച്ചതെന്നും അന്വേഷണം നടന്നില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

എന്നാൽ, മൈനർ പെനൽറ്റിയായതിനാൽ അതിന്റെ നടപടിക്രമങ്ങൾ മാത്രമാണ് പാലിച്ചതെന്ന് കെഎസ്ആർടിസി അറിയിച്ചപ്പോൾ മേജർ പെനൽറ്റി വേണമെന്നായിരുന്നു കോടതിയുടെ പ്രതികരണം.  കെഎസ്ആർടിസിയുടെ പാപ്പനംകോട്, തിരുവനന്തപുരം സിറ്റി, വികാസ് ഭവൻ, പേരൂർക്കട ഡിപ്പോകളിൽ 63 സർവീസുകൾ മുടങ്ങിയതിനെ തുടർന്നായിരുന്നു നടപടി.