മികച്ച കമ്പനികളുടെ ഭൂരിപക്ഷം സിഇഒമാർ ഇന്ത്യൻ വംശജർ

കാഞ്ചീപുരം: ആഗോളതലത്തിലെ മികച്ച കമ്പനികളുടെ ചീഫ് എക്സിക്യുട്ടിവ് ഓഫിസർമാർ ഭൂരിപക്ഷവും ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ സംഭാവനയെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സ്റ്റാൻഡേഡ് ആൻഡ് പുവർ കണക്കനുസരിച്ച് ടോപ് 500 കമ്പനികളുടെ പട്ടികയിൽ, ഇന്ത്യൻ സിഇഒമാരുടെ എണ്ണം യുഎസിനു തൊട്ടടുത്താണെന്നും മന്ത്രി വ്യക്തമാക്കി.

“ആഗോളതലത്തിൽ ഏറ്റവും മികച്ച 58 കമ്പനികളുടെ സിഇഒ പദവിയിലുള്ളത് ഇന്ത്യൻ വംശജരാണ്. ഈ കമ്പനികൾക്കെല്ലാം കൂടി 1 ട്രില്യൻ ഡോളറാണു വരുമാനം. ഇവയുടെ ടേൺഓവർ 4 ട്രില്യൻ വരും. ഇന്ത്യയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ 58 ഇന്ത്യക്കാരാണ് ഇത്രയും വലിയ കോർപറേറ്റ് വിപണി നിയന്ത്രിക്കുന്നത്. യുഎസിലെ സിലിക്കൺവാലിയിൽ 25% സ്റ്റാർട്ടപ്പുകളും കൈകാര്യം ചെയ്യുന്നത് ഇന്ത്യക്കാരാണ് എന്നതിൽ അഭിമാനിക്കാം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ വേണ്ടെന്ന് ഇതിനർഥമില്ല. മികവ് നിലനിർത്താനുള്ള ശ്രമങ്ങൾ ആവശ്യമാണ്. ആധുനിക വിദ്യാഭ്യാസ രീതികളിലേക്കുള്ള മാറ്റത്തിന്റെ വഴിയിലാണ് ഇന്ത്യ” കാഞ്ചീപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ ആൻഡ് മാനുഫാക്‌ചറിങ്ങിലെ ബിരുദദാന സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.