മകരവിളക്ക്; സന്നിധാനത്ത് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ തീരുമാനം

ശബരിമല: മകരവിളക്ക് മഹോത്സവത്തിൽ ഭക്തരുടെ ഒഴുക്ക് കണക്കിലെടുത്ത് സന്നിധാനത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സന്നിധാനത്ത് എഡിഎംപി വിഷ്ണുരാജിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം.ജനുവരി 11 മുതല്‍ ദര്‍ശനത്തിനെത്തുന്നതില്‍ ഒരു വിഭാഗം തീര്‍ഥാടകര്‍ മകരവിളക്കിന് ശേഷം മലയിറങ്ങാനുള്ള സാധ്യത മുന്നിൽ കണ്ട് കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ സൗകര്യമൊരുക്കും.

തീ പടരുന്നത് തടയാൻ വനാതിർത്തിയിൽ നിന്ന് തീർത്ഥാടകരെ പാചകം ചെയ്യുന്നതിൽ നിന്ന് തടയും. പാചകത്തിന് ഉപയോഗിക്കുന്ന വലിയ പാത്രങ്ങൾ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുവരാൻ അനുവദിക്കില്ല. ഇതിന്‍റെ ഭാഗമായി സന്നിധാനത്തേക്കുള്ള ട്രാക്ടറുകൾ പരിശോധിക്കും. സന്നിധാനത്തെ കടകളിൽ നിന്ന് പാചകത്തിനാവശ്യമായ പാത്രങ്ങൾ വിറ്റാൽ കർശന നടപടി സ്വീകരിക്കും.

ഫയർഫോഴ്സ്, ദേവസ്വം, പൊലീസ്, റവന്യൂ വകുപ്പുകൾ സംയുക്തമായി വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തും. സന്നിധാനത്ത് കൂടുതൽ ആംബുലൻസ് സൗകര്യം ഒരുക്കും. അടിയന്തര ഘട്ടങ്ങളിൽ ലഭ്യമാകുന്ന തരത്തിൽ വിവിധ സ്ഥലങ്ങളിൽ ആംബുലൻസുകൾ സ്ഥാപിക്കും. കൂടുതൽ പേർക്ക് ഒരേ സമയം അടിയന്തര ചികിത്സ നൽകാവുന്ന സാഹചര്യം സൃഷ്ടിക്കും.