പാകിസ്ഥാനിലെത്തി മലാല യൂസഫ്‍സായി; സന്ദർശനം 10 വർഷത്തിന് ശേഷം

കറാച്ചി: താലിബാന്‍റെ വധശ്രമം നടന്ന് 10 വർഷത്തിനിപ്പുറം മലാല യൂസഫ്‍സായി പാകിസ്ഥാനിലെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കുന്ന പാകിസ്ഥാനിലെ മഹാപ്രളയത്തിന്‍റെ ഇരകളെ കാണാനാണ് മലാല സ്വന്തം രാജ്യത്തേക്ക് മടങ്ങിയത്. 10 വർഷം മുമ്പ് താലിബാൻ തീവ്രവാദികൾ വെടിയുതിർക്കുമ്പോൾ അവർക്ക് 15 വയസായിരുന്നു പ്രായം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ചതിനാണ് മലാലയെ താലിബാൻ വെടിവച്ചത്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് താലിബാൻ എതിരാണ്.

വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ മലാലയെ വിദഗ്ധ ചികിത്സയ്ക്കായി യുകെയിലേക്ക് മാറ്റിയിരുന്നു. തുടർച്ചയായ ശസ്ത്രക്രിയകൾക്കും നീണ്ട ചികിത്സകൾക്കും ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ മലാല, ആഗോള വിദ്യാഭ്യാസ വക്താവായും പിന്നീട് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായും മാറി. ആക്രമണത്തിന്‍റെ പത്താം വാർഷികത്തിന്റെ രണ്ട് ദിവസത്തിന് ശേഷമാണ് മലാല കറാച്ചിയിലെത്തിയത്. പ്രളയം മൂലം പാകിസ്ഥാന് 40 മില്യണ്‍ ഡോളറിന്‍റെ നഷ്ടമുണ്ടായതായി ലോകബാങ്ക് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്രയും വലിയ നഷ്ടം നേരിട്ട പാകിസ്ഥാന് സഹായം നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മലാല സ്വന്തം രാജ്യം സന്ദർശിക്കുന്നത്. 

പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തിന്‍റെ ആഘാതത്തിൽ അന്താരാഷ്ട്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നിർണായക മാനുഷിക സഹായത്തിന്‍റെ ആവശ്യകത ശക്തിപ്പെടുത്തുന്നതിനുമാണ് സന്ദർശനമെന്ന് മലാലയുടെ സന്നദ്ധ സംഘടനയായ മലാല ഫണ്ട് പ്രസ്താവനയിൽ പറഞ്ഞു. ഏകദേശം 8 ദശലക്ഷം ആളുകൾ വെള്ളപ്പൊക്കം മൂലം കുടിയൊഴിക്കപ്പെട്ടു. നിലവിൽ ഇവർ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.