പ്രളയത്തിന് പിന്നാലെ മലേറിയ; ഇന്ത്യയില്‍ നിന്ന് 62 ലക്ഷം കൊതുകുവല പാകിസ്ഥാന്‍ വാങ്ങും  

പാക്കിസ്ഥാൻ: രാജ്യത്ത് മലേറിയ പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് 62 ലക്ഷം കൊതുകുവലകൾ വാങ്ങാൻ പാകിസ്താൻ പദ്ധതിയിടുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് രാജ്യത്ത് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുന്നത് തടയാൻ പാകിസ്ഥാൻ ശ്രമിക്കുന്നുണ്ടെന്ന് പ്രാദേശിക വാർത്താ ചാനലായ ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പാകിസ്ഥാന് കൊതുകുവലകൾ വാങ്ങാൻ സഹായം നൽകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അടുത്ത മാസത്തിനുള്ളിൽ വാഗ വഴി കൊതുകുവലകൾ എത്തിക്കാനുള്ള ശ്രമത്തിലാണ്. പാകിസ്ഥാനിലെ 32 പ്രളയബാധിത ജില്ലകളിൽ മലേറിയ അതിവേഗം പടരുകയാണ്. ആയിരക്കണക്കിന് കുട്ടികൾക്ക് മലേറിയ ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ ബാധിച്ചിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളിലെ ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നായി മലേറിയ മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.

1,700 ലധികം പേർ കൊല്ലപ്പെട്ടു. ഈ വർഷത്തെ വെള്ളപ്പൊക്കം രാജ്യത്തിന്‍റെ വലിയൊരു ഭാഗം വെള്ളത്തിനടിയിലാകുകയും ചെയ്യുന്ന ഒരു അന്തരീക്ഷത്തിന് കാരണമായി. സെപ്റ്റംബറിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പടരാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് മറ്റൊരു ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കിയിരുന്നു.