റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാള ചിത്രം ‘ഫാമിലി’
വിനയ് ഫോർട്ട്, ദിവ്യപ്രഭ, നില്‍ജ കെ. ബേബി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’ 52-ാമത് റോട്ടര്‍ഡാം ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ന്യൂട്ടണ്‍ സിനിമയുടെ ബാനറിൽ സനിറ്റ ചിറ്റിലപ്പിള്ളിയാണ് ചിത്രം നിർമ്മിച്ചത്. ജനുവരി 26 മുതൽ ഫെബ്രുവരി 6 വരെ നെതര്‍ലന്‍ഡ്സിലാണ് ചലച്ചിത്ര മേള നടക്കുന്നത്.
ഡോൺ പാലത്തറയുടെ ആറാമത്തെ ചിത്രമായ ‘ഫാമിലി’യിൽ കുടുംബങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ ഒരു മാഫിയയെപ്പോലെ അവരുടെ ഉള്ളിൽ എങ്ങനെ വിദഗ്ധമായി കൈകാര്യം ചെയ്യപ്പെടുന്നു എന്നാണ് ചർച്ച ചെയ്യുന്നത്. മതവും കുടുംബവും എങ്ങനെ ഇഴുകിച്ചേർന്നിരിക്കുന്നു എന്ന ചോദ്യവും ചിത്രം ഉയർത്തുന്നു.
“മധ്യകേരളത്തിന്റെ ദൃശ്യഭംഗിയും സിനിമയിലെ കഥാപാത്രങ്ങളുടെ ജീവിതങ്ങളും തമ്മിലുള്ള വൈരുധ്യത്തെയും സ്‌ക്രീനില്‍ ചിത്രീകരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രം വ്യത്യസ്തമായ ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്ന് കരുതുന്നു. എന്റെ നിര്‍മ്മാതാവ് ന്യൂട്ടണ്‍ സിനിമയോടും ഈ സിനിമ യാഥാര്‍ഥ്യമാക്കുവാന്‍ എന്റെയൊപ്പം നിന്ന എല്ലാ സഹപ്രവര്‍ത്തകരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. സിനിമയെ അംഗീകരിച്ച് തിരഞ്ഞെടുത്ത ഐ.എഫ്.എഫ്.ആറിനോടും ഞാന്‍ എന്റെ നന്ദി രേഖപെടുത്തുന്നു.” ഡോണ്‍ പാലത്തറ പറഞ്ഞു.