മലയാലപ്പുഴ മന്ത്രവാദം; ദമ്പതികൾ കസ്റ്റഡിയിൽ

പത്തനംതിട്ട: മലയാലപ്പുഴ മന്ത്രവാദക്കേസ് പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. കേസിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പത്തനംതിട്ട എസ്.പി സ്വപ്നിൽ മധ്കർ മഹാജൻ പറഞ്ഞു. നേരത്തെ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. കൂടുതൽ പരാതികൾ ലഭിച്ചാൽ നടപടി സ്വീകരിക്കും. ജില്ലയിൽ മറ്റിടങ്ങളിലും സമാനമായ കാര്യങ്ങൾ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും എസ്.പി പറഞ്ഞു.

മലയാലപ്പുഴ പുതിയപ്പാട് വാസന്തി മഠം എന്ന സ്ഥലത്ത് മന്ത്രവാദം നടത്തി വന്ന ശോഭനയെയും ഭർത്താവ് ഉണ്ണികൃഷ്ണനെയും ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടികളെ മന്ത്രവാദത്തിന് ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം നടത്തിയവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. 

മുമ്പും ഇവിടെ പൊലീസ് പരിശോധന നടന്നിട്ടുണ്ട്. പ്രതിഷേധവും ഉണ്ടായിരുന്നു. നരബലി ഉൾപ്പെടെയുള്ള സംഭവങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്. ദമ്പതികൾ നടത്തിയ മന്ത്രവാദത്തിന്‍റെ പഴയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.