രാജ്യാന്തര പിയാനോ മത്സരങ്ങളില്‍ തിളങ്ങി മലയാളി ബാലന്‍

ചെന്നൈ: രാജ്യാന്തര പിയാനോ മത്സരങ്ങളില്‍ തിളങ്ങി അയര്‍ലന്‍ഡില്‍ താമസിക്കുന്ന മലയാളി ബാലന്‍. ആലപ്പുഴ ജില്ലയിലെ മാന്നാര്‍ പാവുക്കര മൂര്‍ത്തിട്ട കുന്നേല്‍ പീടികയില്‍ ജിനോ ജോണ്‍ വര്‍ഗീസിന്റെയും പത്തനംത്തിട്ട കൂടല്‍ സ്വദേശിനി പ്രിന്‍സിയുടെയും മകന്‍ അഭിഷേക് ജിനോയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പല രാജ്യാന്തര മത്സരങ്ങളിലും മികവ് തെളിയിച്ചത്. മെയ് മാസത്തിൽ അറ്റ്ലാന്‍റയിൽ നടന്ന ഇന്റര്‍നാഷണല്‍ യൂത്ത് മ്യൂസിക് കോംപറ്റീഷനില്‍ (ഐവൈഎംസി) ക്ലാസിക്കൽ പിയാനോയിൽ വിജയം നേടിയതാണ് ഏഴ് വയസുകാരനായ അഭിഷേകിന്‍റെ ഏറ്റവും പുതിയ നേട്ടം.

ഈ വർഷം ആദ്യം, അയർലണ്ടിന്‍റെ തലസ്ഥാനമായ ഡബ്ലിനിൽ നടന്ന ക്യാസില്‍നോക്ക് മത്സരത്തിലും അഭിഷേക് വിജയിച്ചു. 2021ല്‍ യൂട്യൂബ് മുഖേന നടന്ന പിയാനോ മാര്‍വല്‍ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ ഏര്‍ലി എലമെന്ററി വിഭാഗത്തില്‍ വിജയിയായി. ഇതേ വര്‍ഷം യൂറോപ്യന്‍ അക്കാദമിക് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ നടത്തിയ ഓഡിന്‍ ഇന്റര്‍നാഷണല്‍ സംഗീത മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി. ഇതേ വര്‍ഷം കാനഡയിലെ ഒട്ടാവ കേന്ദ്രീകരിച്ചുള്ള ട്വന്റ്ിഫസ്റ്റ് സെഞ്ച്വറി ടാലന്റ് സംഗീത മത്സരത്തില്‍ ഓണ്‍ലൈനില്‍ പങ്കെടുത്ത് പിയാനോയില്‍ അഭിഷേക് മൂന്നാം സ്ഥാനവും നേടിയിരുന്നു.

കോവിഡ് കാലത്ത് സമയം കളയാനാണ് അഭിഷേക് പിയാനോ പഠിക്കാൻ തുടങ്ങിയത്. ഒരു ഓൺലൈൻ ക്ലാസോടെയാണ് ഇത് ആരംഭിച്ചത്. അഭിഷേകിന്റെ പിതാവ് ജിനോ പിയാനോ വായിക്കുമായിരുന്നു. ഓൺലൈൻ പഠനത്തോടൊപ്പം ജിനോ പരിശീലനവും നൽകി. അയർലണ്ടിലെ ഒരു പിയാനോ ക്ലാസിലും ചേർന്നു. പിന്നീട്, യുഎസ്എ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ പങ്കെടുത്ത മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. വിദ്യാര്‍ഥികളുടെ വിഭാഗത്തിലാണ് മികവ് തെളിയിച്ചത്.