ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി യുഎന്നില്‍ പ്രസംഗിച്ച്‌ മലയാളി പെണ്‍കുട്ടി

കോട്ടയം: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഐക്യരാഷ്ട്രസഭയിൽ പ്രസംഗം നടത്തി മലയാളി വിദ്യാർത്ഥി എമിലിൻ റോസ് തോമസ്. യുണൈറ്റഡ് നേഷൻസ് ചൈൽഡ് റൈറ്റ്സ് കണക്ടിന്‍റെ ഉപദേശക സമിതിയിലെ യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ പ്രതിനിധിയാണ് ഈ കുട്ടി.

2021 സെപ്റ്റംബറിലാണ് ഐക്യരാഷ്ട്രസഭയുടെ വാർഷിക പൊതു സംവാദത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാൻ എമിലിനെ ക്ഷണിച്ചത്. വേദിയിൽ അമേരിക്കയെ പ്രതിനിധീകരിച്ച ഏക വിദ്യാർത്ഥിയായിരുന്നു എമിൽ . 10 വർഷത്തിലേറെയായി കാണുന്ന ഇളയ സഹോദരൻ ഇമ്മാനുവലാണ് ഐക്യരാഷ്ട്രസഭയിൽ സംസാരിക്കാൻ എമിലിനെ പ്രചോദിപ്പിച്ചത്. ഇമ്മാനുവൽ ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവരുടെ ശബ്ദമാകുക എന്നതാണ് എമിലിന്‍റെ ലക്ഷ്യം.

ഐക്യരാഷ്ട്രസഭയിൽ എമിലിന്‍റെ തീപ്പൊരി പ്രസംഗം കേട്ട് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അഭിനന്ദന സന്ദേശം അയച്ചു. അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് എമിലിനെ നേരിട്ട് അഭിനന്ദിച്ചു. സുരേഷ് ഗോപി, ശശി തരൂർ തുടങ്ങിയവരും എമിലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കോട്ടയം പാലാ സ്വദേശികളായ ജോസ് തോമസ്, മെർലിൻ അഗസ്റ്റിൻ, അമേരിക്കൻ മലയാളികളാണ് എമിലിന്‍റെ മാതാപിതാക്കൾ.