സൗദി ദേശീയ ഗെയിംസിൽ സ്വർണം നേടി മലയാളി പെൺകുട്ടി; സമ്മാനത്തുക 2.20 കോടി
ദോഹ: സൗദി ദേശീയ ഗെയിംസിൽ ബാഡ്മിന്‍റണിൽ സ്വർണമെഡൽ നേടി മലയാളി പെണ്‍കുട്ടി. റിയാദിൽ പ്രവാസിയായ കോഴിക്കോട് കൊടുവള്ളി സ്വദേശി ഖദീജ നിസയാണ് ബാഡ്മിന്‍റൺ മത്സരത്തിൽ വിജയിച്ചത്. ഖദീജയ്ക്ക് 2.20 കോടി ഇന്ത്യൻ രൂപ ക്യാഷ് പ്രൈസ് ലഭിക്കും. വനിതാ സിംഗിൾസ് ബാഡ്മിന്‍റണിലാണ് ഖദീജ നിസ സ്വർണം നേടിയത്. ഖദീജ അൽ നജാദ് ക്ലബിനെ പ്രതിനിധീകരിച്ച് മൂന്ന് ദിവസങ്ങളിലായി നടന്ന ആറ് മത്സരങ്ങളിലും വിജയിച്ചു.
ഇന്നലെ നടന്ന ഫൈനലിൽ അൽ ഹിലാൽ ക്ലബ്ബിന്‍റെ ഹയ അൽ മുദരയ്യയെ 21-11, 21-10 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. ഇതാദ്യമായാണ് സൗദി അറേബ്യയിൽ ദേശീയ ഗെയിംസ് നടക്കുന്നത്. സൗദി അറേബ്യയിലെ വിദേശികൾക്കും പങ്കെടുക്കാൻ അവസരം ലഭിച്ചതോടെയാണ് ഖജീദ മത്സരത്തിൽ പങ്കെടുത്തത്. ഇതോടെ റിയാദിലെ ന്യൂ മിഡിൽ ഈസ്റ്റ് ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഖദീജ നിസ ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയായി മാറി.
ഐടി എൻജിനീയർ കൊടുവള്ളി കൂടത്തിങ്കൽ അബ്ദുൽ ലത്തീഫിന്‍റെയും ഷാനിദയുടെയും മകളാണ് ഖദീജ. സൗദി അറേബ്യ, ബഹ്റൈൻ, ഇന്ത്യ എന്നിവിടങ്ങളിൽ നടന്ന നിരവധി മത്സരങ്ങളിൽ ഖദീജ നിസ ബാഡ്മിന്‍റണിൽ തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഖദീജയുടെ സഹോദരൻ മുഹമ്മദ് നസ്മിയും ബാഡ്മിന്‍റണിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.