കശ്മീരിൽ ഡെങ്കിപ്പനി ബാധിച്ച് മലയാളി സൈനികൻ മരിച്ചു

കൊച്ചി: ജമ്മു കശ്മീരിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ച സൈനികൻ ലാൻസ് നായിക് അഖിൽ കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. രാവിലെ 8.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം വൈക്കം മറവൻതുരുത്തിലെ വസതിയിലെത്തിച്ച് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സൈന്യത്തിന്‍റെ പ്രതിനിധികളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

വൈക്കം അരുൺ നിവാസിൽ അനിൽകുമാറിന്‍റെ മകനാണ് അഖിൽ കുമാർ. അഖിലിന് പനി പിടിപെടുകയും മൂന്ന് ദിവസത്തിന് ശേഷം ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. തുടർന്ന് കശ്മീരിൽ നിന്ന് ഡൽഹിയിലെ സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒൻപതാം തീയതി മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.