മലയൻകീഴ് പീഡനം; പരാതി നൽകാൻ വൈകിയതിന്റെ കാരണം ആരാഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി: മലയൻകീഴ് പീഡനക്കേസിൽ പരാതി നൽകാൻ വൈകിയത് ചോദ്യം ചെയ്ത് സുപ്രീം കോടതി. 2019 ൽ നടന്ന പീഡനത്തിനെതിരെ പരാതി നൽകാൻ ഇത്ര വൈകിയത് എന്താണെന്ന് കോടതി പരാതിക്കാരിയോട് ചോദിച്ചു. പ്രതി എസ്.എച്ച്.ഒ സൈജുവിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ചോദ്യം. അന്ന് പരാതി നൽകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല താനെന്ന് ഹർജിക്കാരി കോടതിയെ അറിയിച്ചു.

എന്നാൽ എസ്എച്ച്ഒ സൈജുവിന് നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ബി.ആർ ഗവായ്, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത് കേരള ഹൈക്കോടതിയാണ്. ഭർത്താവിനൊപ്പം വിദേശത്ത് താമസിച്ചിരുന്ന വനിതാ ഡോക്ടർ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സൈജുവിനെ പരിചയപ്പെടുന്നത്. 

തന്‍റെ പേരിലുള്ള കടകൾ പരാതിക്കാരി വാടകയ്ക്ക് നൽകിയിരുന്നു. വാടകക്കാരുമായുള്ള തർക്കം തീർക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്ഐയായിരുന്ന സൈജുവിനെ പരിചയപ്പെട്ടത്. വാടക പ്രശ്നം പരിഹരിക്കാൻ ചെലവ് വേണമെന്ന് എസ്എച്ച്ഒ തന്നോട് പറഞ്ഞതായി പരാതിക്കാരി കോടതിയെ അറിയിച്ചു. തുടർന്ന് താൻ പീഡിപ്പിക്കപ്പെട്ടുവെന്നും പരാതിക്കാരി പറഞ്ഞു.