കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി മല്ലികാർജുൻ ഖർഗെയെത്തും: രമേശ് ചെന്നിത്തല

ന്യൂഡൽഹി: കോൺഗ്രസിന്‍റെ പുതിയ അധ്യക്ഷനാകാൻ ഒരുങ്ങുന്ന മല്ലികാർജുൻ ഖാർഗെയുടെ പ്രധാന ഉത്തരവാദിത്തം ചിന്തൻ ശിബിരത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുക എന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റിമോട്ട് കൺട്രോൾ ആയിരിക്കുമെന്ന വിമർശനം ഖാർഗയെ അവഹേളിക്കുന്നതാണ്. ഗാന്ധി കുടുംബത്തിൽ ഇത്തരം ക്രമക്കേട് നടന്നിട്ടുണ്ടോ എന്നറിയില്ല. അത് പരിശോധിക്കേണ്ടത് മധുസൂദൻ മിസ്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാവിലെ 10 മണി മുതൽ എ.ഐ.സി.സി ആസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു. 10 മണിയോടെ 68 ബാലറ്റ് ബോക്സുകൾ സ്ട്രോങ് റൂമിൽ നിന്ന് പുറത്തെടുത്തു. 100 വീതമുള്ള കെട്ടുകളാക്കി മാറ്റി വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 9497 വോട്ടുകളാണ് പോൾ ചെയ്തത്.

അട്ടിമറി ആരും പ്രതീക്ഷിക്കുന്നില്ല. ഖാർഗെയുടെ വിജയം നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം തരൂരിന് എത്രത്തോളം പിന്തുണയാണ് ലഭിക്കുക എന്ന ആകാംക്ഷയിലാണ് ഔദ്യോഗിക പക്ഷം. ആയിരത്തിലധികം വോട്ടുകൾ നേടി കരുത്ത് തെളിയിക്കാൻ കഴിയുമെന്നാണ് തരൂർ പക്ഷത്തിന്‍റെ കണക്കുകൂട്ടൽ.