മമത ബാനര്‍ജി ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദർശിക്കും

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നാല് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. ജിഎസ്ടി കുടിശ്ശിക ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

നിലവിലെ പാർലമെന്‍റ് സമ്മേളനവും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളും ചർച്ച ചെയ്യാൻ മമത ബാനർജി തൃണമൂൽ എംപിമാരുടെ യോഗം വിളിച്ചു. പശ്ചിമ ബംഗാളിലെ ഏഴ് പുതിയ ജില്ലകളുടെ പേരുകൾ സംബന്ധിച്ച് എംപിമാരിൽ നിന്ന് നിർദേശങ്ങളും അവർ തേടി.

രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി മമത ബാനർജി നാളെ കൂടിക്കാഴ്ച നടത്തും. ഓഗസ്റ്റ് ഏഴിന് നടക്കുന്ന നീതി ആയോഗ് യോഗത്തിൽ അവർ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നീതി ആയോഗിന്‍റെ ഗവേണിംഗ് കൗൺസിൽ യോഗം ചേരും. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും മമത പരിഗണിക്കുന്നുണ്ടെന്ന് തൃണമൂൽ വൃത്തങ്ങൾ അറിയിച്ചു.