ക്രിസ്റ്റഫറായി മമ്മൂട്ടി; പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘നിയമം എവിടെ നിര്‍ത്തുന്നുവോ, അവിടെ നീതി ആരംഭിക്കുന്നു…’ എന്ന് പറഞ്ഞിരിക്കുന്ന പോസ്റ്ററില്‍ ക്രിസ്റ്റഫർ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ‘ക്രിസ്റ്റഫർ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ത്രില്ലറിന് തിരക്കഥയൊരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടൻ വിനയ് റായിയും എത്തുന്നുണ്ട്.
ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുകയാണ്.