മമ്മൂട്ടിയുടെ പുതിയ തമിഴ് ചിത്രം; ഒപ്പം വിജയ് സേതുപതിയുമെന്ന് റിപ്പോർട്ട്

തമിഴകത്ത് മറ്റേതൊരു മലയാളി നടനെക്കാളും ജനപ്രിയനാണ് മമ്മൂട്ടി. മൗനം സമ്മതം എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച മമ്മൂട്ടി അഴകൻ, ദളപതി, കിളിപെച്ചു കേള്‍ക്കവാ, കണ്ടുകൊണ്ടേൻ കൊണ്ടുകൊണ്ടൈൻ, ആനന്ദം, പേരൻപ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. അതിൽ ഭൂരിഭാഗവും ഹിറ്റായിരുന്നു. ഇപ്പോഴിതാ താരത്തിന്‍റെ പുതിയ തമിഴ് ചിത്രം വരുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

മമ്മൂട്ടിക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിൽ അഭിനയിക്കുമെന്നാണ് സൂചന. കാക്ക മുട്ടൈ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മണികണ്ഠനാണ് ചിത്രം സംവിധാനം ചെയ്യുകയെന്നാണ് വിവരം. നവംബർ അവസാനത്തോടെ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.

അതേസമയം, ‘കാതൽ’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതികയാണ് നായിക. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കാതലിനുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’, ബി ഉണ്ണികൃഷ്ണന്‍റെ ‘ക്രിസ്റ്റഫർ’ എന്നിവയാണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.