ഐഡി കാർഡും ധരിച്ച് അമിത് ഷായ്ക്ക് ഒപ്പം പരിപാടികളിൽ പങ്കെടുത്തയാൾ അറസ്റ്റിൽ

മുംബൈ: സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെന്ന വ്യാജേന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ചുറ്റും കറങ്ങിനടന്ന ഒരാൾ അറസ്റ്റിൽ. ആന്ധ്രാപ്രദേശിൽ നിന്നുള്ള എംപിയുടെ പേഴ്സണൽ സെക്രട്ടറി ഹേമന്ത് പവാറാണ് അറസ്റ്റിലായത്. രണ്ട് ദിവസത്തെ മുംബൈ സന്ദർശനത്തിനായി അമിത് ഷാ മുംബൈയിൽ എത്തിയപ്പോഴായിരുന്നു സംഭവം. സന്ദർശനം ബുധനാഴ്ച അവസാനിച്ചെങ്കിലും വിവരം ഇന്നാണ് പുറത്തുവന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ തിരിച്ചറിയൽ കാർഡ് ധരിച്ച് അമിത് ഷാ പങ്കെടുത്ത രണ്ട് പരിപാടികളിലും പവാർ പങ്കെടുത്തിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവരുടെ വസതികൾക്ക് മുന്നിലും അദ്ദേഹം സന്നിഹിതനായിരുന്നു.

സംശയം തോന്നിയ ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ മുംബൈ പൊലീസിനെ വിവരമറിയിക്കുകയും തുടർന്ന് ഹേമന്ത് പവാറിനെ ചോദ്യം ചെയ്യുകയും ചെയ്തു. അമിത് ഷായുടെ സുരക്ഷാ സംഘത്തിന്‍റെ പട്ടികയിൽ ഇയാളുടെ പേരില്ലെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഹേമന്ദിനെ പിന്നീട് അറസ്റ്റ് ചെയ്തു. ഇയാളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.