അമ്മയുടെ ചികിത്സയ്ക്ക് ക്രൌഡ് ഫണ്ടിംഗിലൂടെ ലഭിച്ച പണം, സഹായിച്ചവർക്ക് തിരികെ നല്‍കി യുവാവ്

പലതരം പ്രശ്നങ്ങൾ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ആളുകൾ പ്രശ്നപരിഹാരത്തിനായി വേഗത്തിൽ കണ്ടെത്തുന്ന ഒരു രീതിയാണ് ക്രൗഡ് ഫണ്ടിംഗ്. എന്നിരുന്നാലും, ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിക്കുന്ന പണം ബുദ്ധിമുട്ടുകൾ മാറുമ്പോൾ സഹായിച്ചവർക്ക് തിരികെ നൽകുന്നവർ വളരെ കുറവാണ്. ഒന്നര വർഷത്തിന് ശേഷം ഗുരുതരാവസ്ഥയിലായ അമ്മയെ ക്രൗഡ് ഫണ്ടിംഗിലൂടെ സഹായിച്ചവർക്ക് യുവാവ് പണം തിരികെ നൽകി.

അത്യാവശ്യ നേരത്ത് തന്നെ സഹായിച്ചവര്‍ക്ക് യുവാവ് പണം തിരിച്ച് നല്‍കിയ വിവരം കമാല്‍ സിംഗ് എന്ന എന്‍ജിനിയര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ലോകമറിയുന്നത്. ഫോൺപേ ആപ്പ് വഴി അജ്ഞാതനായ ഒരാൾ 201 രൂപ ട്രാൻസ്ഫർ ചെയ്തെന്ന സന്ദേശം ലഭിച്ചപ്പോഴാണ് പണം എവിടെ നിന്നാണ് വന്നതെന്ന് കമാൽ സിംഗ് അന്വേഷിക്കുന്നത്. 2021 ജൂലൈ 7ന് കമാൽ സിംഗ് ഇയാള്‍ക്ക് 201 രൂപ അയച്ചുകൊടുത്തിരുന്നു.

സോഷ്യൽ മീഡിയ വഴി ലഭിച്ച ക്രൗഡ് ഫണ്ടിംഗ് അപേക്ഷയിലേക്കാണ് സിംഗ് പണം അയച്ചത്. ചെറിയ തുകയാണെങ്കിലും പണം തിരിച്ചയച്ച ആളെ കമാൽ സിംഗ് വിളിച്ചു. തന്‍റെ അമ്മ രോഗമുക്തി നേടിയെന്നും തന്‍റെ ബിസിനസ്സ് നന്നായി നടക്കുന്നുണ്ടെന്നും അദ്ദേഹം കമാൽ സിംഗിനോട് പറഞ്ഞു.