കടയില്‍നിന്ന് വിഗ്രഹം മോഷ്ടിച്ച് കടയുടമയ്ക്ക് തന്നെ വിറ്റ മാനേജര്‍ അറസ്റ്റില്‍
ചെന്നൈ: ജോലി ചെയ്യുന്ന കടയിൽ നിന്ന് വിഗ്രഹങ്ങൾ മോഷ്ടിച്ച് കടയുടമയ്ക്ക് തന്നെ വിൽപ്പന നടത്തിവന്ന സെയിൽസ് മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുറഞ്ഞത് 30 ലക്ഷം രൂപയുടെ വിഗ്രഹങ്ങളെങ്കിലും മോഷണം പോയതായി കടയുടമ പറഞ്ഞു.
ചെന്നൈയിലെ മയിലാപ്പൂരിലെ സി.പി. കോവിൽ സ്ട്രീറ്റിലുള്ള ബി.എൽ.ടി. സ്റ്റോറിലാണ് വിചിത്രമായ മോഷണം നടന്നത്. കടയുടമയായ ത്യാഗരാജൻ 10 വർഷം മുമ്പാണ് വിഗ്രഹങ്ങളും പൂജാ വസ്തുക്കളും വിൽക്കുന്ന കട ആരംഭിച്ചത്. സെയിൽസ് മാനേജരായ ഷൺമുഖനാണ് കഴിഞ്ഞ അഞ്ച് വർഷമായി കട കൈകാര്യം ചെയ്യുന്നത്. ഷൺമുഖൻ തന്നെയാണ് ചെന്നൈയിലെ പാരീസ് ബസാറിൽ പോയി കടയിലേക്ക് വേണ്ട വിഗ്രഹങ്ങൾ വാങ്ങിയിരുന്നത്.
ഒരുദിവസം യാദൃച്ഛികമായി ഷണ്‍മുഖന്റെ മുറിയില്‍ കയറിയ ത്യാഗരാജന്‍ അവിടെ ഒമ്പത് വിഗ്രഹങ്ങള്‍ കണ്ടെത്തിയതോടെയാണ് മോഷണത്തിന്റെ ചുരുളഴിയുന്നത്. കടയില്‍നിന്നു മോഷ്ടിച്ചതാണ് അവയെന്ന് പരിശോധനയില്‍ വ്യക്തമായി. കടയില്‍നിന്ന് ഇടയ്ക്കിടെ വിഗ്രഹങ്ങള്‍ മോഷ്ടിക്കാറുണ്ടെന്നും പാരീസില്‍നിന്നു വാങ്ങിയതാണെന്ന് പറഞ്ഞ് അവ കടയില്‍ത്തന്നെ നല്‍കി വില ഈടാക്കാറുണ്ടെന്നും ഷണ്‍മുഖന്‍ സമ്മതിച്ചു.