മംഗളൂരു സ്ഫോടനം; യാത്രക്കാരൻ്റെ വീട്ടിൽ കുക്കർ ബോംബും സ്ഫോടക വസ്തുക്കളും
മംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ തുടർന്ന് കർണാടക പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഓട്ടോറിക്ഷ യാത്രക്കാരൻ താമസിച്ചിരുന്ന മൈസൂരുവിലെ വാടകവീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. ഒരു കുക്കർ ബോംബും സ്ഫോടകവസ്തുക്കളും ഇവിടെ നിന്ന് കണ്ടെടുത്തു. മംഗളൂരു പൊലീസിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
സ്ഫോടനം നടന്ന ഓട്ടോറിക്ഷയിലെ യാത്രക്കാരൻ മുൻ യു.എ.പി.എ കേസ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ എത്തിയത്. ശിവമോഗ സ്വദേശി ഷാരിഖാണ് സ്ഫോടനത്തിന് പിന്നിൽ. 2020-ൽ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. മറ്റൊരാളുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ വീട് വാടകയ്ക്കെടുത്തത്.
ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിൽ തീവ്രവാദ ബന്ധം കണ്ടെത്തിയതായി കർണാടക പൊലീസ് അറിയിച്ചു. വലിയ സ്ഫോടനമായിരുന്നു ലക്ഷ്യമെന്ന് കർണാടക ഡി.ജി.പി പറഞ്ഞു. സ്ഫോടനത്തെ തുടർന്ന് മംഗളൂരുവിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.