‘മിനിറ്റ്സിലെ കൃത്രിമം’, നഗരസഭാ കൗൺസിൽ എൽ ഡി എഫ് കൗൺസിലര്‍മാ‍‍ര്‍ ബഹിഷ്കരിച്ചു

കൊടുവള്ളി: യോഗത്തിന്‍റെ മിനിറ്റ്സിൽ കൃത്രിമം നടത്തിയെന്നാരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ കൊടുവള്ളി നഗരസഭാ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. മിനിറ്റ്സ് തിരിമറി നടത്തിയ നഗരസഭാ ചെയർമാന്‍റെ നടപടിയിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗം ബഹിഷ്കരിച്ചതായി കൊടുവള്ളി നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാർ അറിയിച്ചു. മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ ഭരണസമിതി കാലയളവിൽ സ്ഥാപിച്ച 5,000 തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് 6-10-2022 ന് ചേർന്ന യോഗത്തിന്‍റെ മിനിറ്റ്സിലാണ് കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും നടത്തിയത്.

ലക്ഷക്കണക്കിന് രൂപ കൈക്കൂലിയായി വാങ്ങാൻ തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ നഗരസഭാ ചെയർമാനും ലീഗ് നേതൃത്വവും സ്വകാര്യ കരാറുകാരിൽ നിന്ന് സംഘടിപ്പിച്ച ക്വട്ടേഷൻ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് കൗൺസിൽ യോഗത്തിൽ എൽഡിഎഫ് കൗൺസിലർമാർ സ്വീകരിച്ചത്. ഫൈസൽ കാരാട്ട് ചെയർമാനായി അഞ്ചംഗ ഉപസമിതിയെ നിയോഗിച്ച് ഇക്കാര്യം പരിശോധിക്കാൻ യോഗം ഏകകണ്ഠമായി തീരുമാനിച്ചു. ശിവദാസന്‍റെ നിർദ്ദേശപ്രകാരം ഉപസമിതിയിൽ ചെയർമാൻ, വൈസ് ചെയർമാൻ, എക്സ് ഒഫിഷ്യോ അംഗങ്ങൾ എന്നിവർ ഉൾപ്പെട്ടിരുന്നു. 

എന്നാൽ, രണ്ട് ദിവസത്തിന് ശേഷം നഗരസഭാ ചെയർമാൻ, ഉപസമിതി ചെയർമാനാണെന്ന വിചിത്രമായ വാദവുമായി രംഗത്തെത്തിയെന്നും, ചെയർമാൻ ഉൾപ്പെടുന്ന ഉപസമിതികളുടെ കൗൺസിലർ ചെയർമാനാകുന്നത് അസ്വാഭാവികമാണെന്നും എൽ.ഡി.എഫ്. കൗൺസിലർമാർ പറഞ്ഞു. പിന്നീട് ലഭിച്ച യോഗത്തിന്‍റെ മിനിറ്റ്സിൽ, കൗൺസിലിന്‍റെ തീരുമാനത്തിന് വിപരീതമായി റംസിയ മോൾ, ഇ. ബാലൻ എന്നിവരെ ഉപസമിതിയിൽ ഉൾപ്പെടുത്തി അഹമ്മദ് ഉനൈസിനെ നീക്കി നഗരസഭ ചെയർമാനെ ഉപസമിതി ചെയർമാനാക്കുന്നതാണ് ഉചിതമെന്ന് രേഖപ്പെടുത്തുകയായിരുന്നു.