അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ മാവോയിസ്റ്റുകള്‍: ബിഹാര്‍ പോലീസ്

പട്‌ന: കേന്ദ്രസർക്കാരിന്റെ സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധത്തിന് പിന്നിൽ ഉന്നത മാവോയിസ്റ്റ് നേതാക്കളാണെന്ന് ബിഹാർ പൊലീസ് അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് മനശ്യാം ദാസിനെ തെലങ്കാന പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.

അറസ്റ്റിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ലഖിസരായിൽ ട്രെയിൻ കത്തിച്ചതിന് പിന്നിൽ തന്‍റെ പങ്ക് മാവോയിസ്റ്റ് നേതാവ് സമ്മതിച്ചിട്ടുണ്ട്. മാവോയിസ്റ്റ് നേതാക്കളാണ് പ്രതിഷേധക്കാരെ റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം നടത്താൻ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. വാടകവീട്ടിലാണ് പദ്ധതികൾ തയ്യാറാക്കിയതെന്നും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു.

വർഷങ്ങളായി ലഖിസരായിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മനശ്യാം ദാസിന് ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, തെലങ്കാന എന്നിവിടങ്ങളിലെ നക്സൽ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ട്. ഇയാളിൽ നിന്ന് മൊബൈൽ ഫോണുകളും മാവോയിസ്റ്റ് ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്.