മരട് ഫ്ലാറ്റ് അഴിമതി; ‘അനങ്ങാതെ’ അന്വേഷണം

എറണാകുളം: നോയിഡയിൽ നിയമം ലംഘിച്ചു നിർമിച്ച ഇരട്ട ടവറുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തപ്പോൾ അതിന്റെ പ്രകമ്പനങ്ങൾ ഇങ്ങ് എറണാകുളം ജില്ലയിലെ മരടുകാരുടെ മനസ്സിലും മുഴങ്ങുന്നുണ്ടാകും. രണ്ടര വർഷം മുൻപ് സമാനമായ സ്ഫോടനം ഇവിടെയും നടന്നിരുന്നു. ഭൂമിയിലേക്ക് വീണ 69,600 ടൺ അവശിഷ്ടങ്ങളുടെ ആഘാതത്തിൽ നിന്ന് അവരുടെ മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല. നോയിഡയിലെ സെക്ടർ 93 എയിലെ സെയാൻ (29 നില), അപ്പെക്സ് (32 നിലകൾ) ഫ്ലാറ്റ് സമുച്ചയങ്ങൾ എന്നിവ ഉൾപ്പെടുന്ന സൂപ്പർടെക് റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഇരട്ട ടവറുകളാണ് ഇന്ന് നിയന്ത്രിത സ്ഫോടനത്തിൽ തകർത്തത്. ഇരട്ട കെട്ടിടങ്ങളിൽ 1000 അപ്പാർട്ട്മെന്‍റുകൾ ഉണ്ടായിരുന്നു. അതിനായി പണം മുടക്കിയവരുടെ സ്വപ്നങ്ങളും അവിടെ തകർന്നു. ഒന്നാം പ്രതി റിയൽ എസ്റ്റേറ്റ് കമ്പനിയാണ്. അവരുടെ ലാഭലക്ഷ്യങ്ങളാണ് നിയമം ലംഘിച്ച് കെട്ടിടങ്ങൾ ഉയരാൻ കാരണം. എന്നാൽ ആ നിയമലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥ, രാഷ്ട്രീയ നേതൃത്വം ആ ഉത്തരവാദിത്തത്തിൽ നിന്ന് സമർത്ഥമായി ഒഴിഞ്ഞുമാറുന്നു. നോയിഡയിൽ ഇന്ന് ‘മരട്’ ആവർത്തിച്ചു. നാളെ മറ്റു പലയിടങ്ങളിലും സംഭവിച്ചേക്കാം. കാരണം, നിയമങ്ങൾ ലംഘിച്ചു രാജ്യത്തു കെട്ടിപ്പൊക്കിയ കെട്ടിടങ്ങളുടെ എണ്ണം കണക്കെടുത്താൽ തീരുന്നതല്ല.