ആശങ്ക ഉയർത്തി വീണ്ടും മാർബർഗ് വൈറസ് ബാധ;ബാധിക്കപ്പെടുന്ന പത്തിൽ 9 പേരും മരിക്കാം

ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായ മാര്‍ബര്‍ഗിന്റെ സാന്നിധ്യം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അശാന്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ബര്‍ഗ് വൈറസ് ബാധയെന്ന് സംശയിക്കുന്ന രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച രണ്ട് രോഗികളും മരിച്ചു. കഴിഞ്ഞവര്‍ഷം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഈ രോഗം ബാധിക്കപ്പെടുന്ന 10 ല്‍ ഒമ്പത് പേരും മരിക്കാന്‍ സാധ്യതയുണ്ട്. 1967 ല്‍ പശ്ചിമ ജര്‍മനിയിലെ മാര്‍ബര്‍ഗ് പട്ടണത്തിലാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. വാക്‌സിന്‍ ലബോറട്ടറികള്‍ ജോലി ചെയ്തവരില്‍ ആയിരുന്നു രോഗബാധ കണ്ടെത്തിയത്. ആഫ്രിക്കയില്‍ നിന്നു കൊണ്ടുവന്ന കുരങ്ങുകളില്‍ നിന്നാണ് വൈറസ് ഇവരിലേക്ക് പകര്‍ന്നത്. പിന്നീട്, 10 ലധികം പ്രാവശ്യം വിവിധയിടങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. കടുത്ത പനി, പേശീ വേദന, ഛര്‍ദി, രക്തസ്രാവം, മസ്തിഷ്കജ്വരം, നാഡീവ്യവസ്ഥയുടെ സ്തംഭനം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗ നിര്‍ണയത്തിന് ആര്‍ടിപിസിആര്‍, എലീസ ടെസ്റ്റുകള്‍ എന്നിവയാണ് ഉപയോഗിക്കുന്നത്. കുട്ടികളില്‍ വൈറസ് ബാധിക്കുന്നത് കുറവാണ്. ഈ രോഗത്തിന് ഫലപ്രദമായ വാക്‌സിനുകള്‍ നിലവില്‍ ഇല്ല. വൈറസ്ബാധ രോഗിയുടെ സ്രവങ്ങള്‍, മുറിവുകള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍ എന്നിവയിലൂടെ പകരാം. എബോള ഉള്‍പ്പെടുന്ന ഫിലോവൈറസ് ഗ്രൂപ്പിലാണ് മാര്‍ബര്‍ഗ് വൈറസും ഉള്‍പ്പെടുന്നത്. മാര്‍വ്, റാവ് എന്നീ രണ്ട് വകഭേദങ്ങളുണ്ട്.