വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണം; കേന്ദ്രത്തിന്‍റെ പ്രതികരണം തേടി സുപ്രിംകോടതി

ന്യൂഡൽഹി: വൈവാഹിക പീഡനം ക്രിമിനൽ കുറ്റമാക്കുന്നതിൽ കേന്ദ്ര സർക്കാരിന്‍റെ പ്രതികരണം തേടി സുപ്രീം കോടതി. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്‍റെ പ്രതികരണം തേടിയത്. സമാനമായ നിരവധി ഹർജികൾ സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്നുണ്ടെന്നും അടുത്ത വർഷം ഫെബ്രുവരിയിൽ അവ ഒരുമിച്ച് പരിഗണിക്കുമെന്നും കോടതി പറഞ്ഞു. മെയ് 12ന് ഡൽഹി ഹൈക്കോടതി ഈ വിഷയത്തിൽ ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. വിവാഹ ജീവിതത്തിൽ ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് ജസ്റ്റിസ് രാജീവ് ശക്തർ ഉത്തരവിട്ടപ്പോൾ, ജസ്റ്റിസ് ഹരിശങ്കർ വിധിയെ എതിർത്തു. വിധിക്കെതിരെ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചു. അഭിഭാഷകരായ കരുണ നുണ്ഡി, രാഹുൽ നാരായണൻ എന്നിവർ മുഖേനയാണ് ഹർജികൾ സമർപ്പിച്ചത്. വിവാഹജീവിതത്തിൽ സ്ത്രീയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. അത്തരമൊരു പ്രവൃത്തി ഒരു സ്ത്രീയുടെ വിവാഹ ജീവിതത്തിലെ അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് ഹർജിയിൽ പറയുന്നു.