ഇന്ത്യയില്‍ വിവാഹ ബന്ധം ഗൗരവമുള്ളതെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: വിവാഹ ബന്ധത്തിലെ ഒരാള്‍ എതിര്‍ക്കുന്ന പക്ഷം ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് വിവാഹബന്ധം വേർപെടുത്താൻ പാടില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കൗൾ, അഭയ് ഓക്ക എന്നിവരടങ്ങിയ ബെഞ്ച്, വിവാഹം ഇന്ത്യയിൽ ഗൗരവമായ കാര്യമാണെന്നും ഇന്ന് വിവാഹം കഴിക്കാനും നാളെ വിവാഹമോചനം നേടാനുമുള്ള പാശ്ചാത്യ രീതിയിലേക്ക് എത്തിയിട്ടില്ലെന്നും വാക്കാൽ നിരീക്ഷിച്ചു.
ഭാര്യയുടെ എതിർപ്പ് നിരസിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹർജിയിൽ പ്രതികരിക്കുകയായിരുന്നു കോടതി. വിവാഹം കഴിഞ്ഞ് 40 ദിവസം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചതെന്ന് കോടതി നിരീക്ഷിച്ചു. പരസ്പരം അറിയാൻ ഈ കാലയളവ് പര്യാപ്തമല്ല.
ഇരുവരും അവരുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ഗൗരവമായ ശ്രമം നടത്തണം. ഒരുമിച്ച് ജീവിക്കാൻ കഴിയുമോ എന്ന് പുനഃപരിശോധിക്കാൻ കോടതി ദമ്പതികളോട് ആവശ്യപ്പെട്ടു. മധ്യസ്ഥതയ്ക്കായി പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസിനെയും കോടതി നിയമിച്ചു.