വീരമൃത്യു വരിച്ച സൈനികൻ കെ.വി അശ്വിന് സൈനിക ബഹുമതികളോടെ സംസ്കാരം

കാസര്‍കോട്: അരുണാചൽ പ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ കെ.വി അശ്വിന്റെ മൃതദേഹം സംസ്കരിച്ചു. കാസർകോട് ചെറുവത്തൂരിലെ പബ്ലിക് ലൈബ്രറിയിലേക്ക് കൊണ്ടുവന്ന സൈനികന്റെ മൃതശരീരം അവസാനമായി കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. പൊതുദർശനത്തിന് ശേഷം സൈനിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.

ചെറുവത്തൂർ കിഴക്കേമുറിയിൽ അശ്വിൻ സ്ഥിരമായി കബഡി കളിച്ചിരുന്ന മൈതാനത്തിനടുത്തായിരുന്നു പൊതുദർശനം. നൂറുകണക്കിന് ആളുകൾ പ്രിയപ്പെട്ട സൈനികനെ കാണാൻ ഒഴുകിയെത്തി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി അഹമ്മദ് ദേവർകോവിലും മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദും അന്തിമോപചാരം അർപ്പിച്ചു.

അശ്വിന്‍റെ സഹോദരിമാരുടെ മക്കളായ അതുൽ, ചിയാൻ എന്നിവരാണ് ചിതയ്ക്ക് തീ കൊളുത്തിയത്. അശ്വിന് അന്ത്യവിശ്രമത്തിന് സൗകര്യം ഒരുക്കിയിടത്തും ജനനിബിഡമായിരുന്നു. നിറകണ്ണുകളോടെ നിരവധി പേർ ധീരജവാന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.