പുതിയ എസ്‍യുവി ബലേനോ ക്രോസുമായി മാരുതി

മാരുതി സുസുക്കി ജനപ്രിയ ഹാച്ച്ബാക്കായ ബലേനോയുടെ നിരയിൽ ഒരു പുതിയ എസ്‍യുവി അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2020 ലെ ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചറോ ഇ കൺസെപ്റ്റിന്‍റെ പ്രൊഡക്ഷൻ പതിപ്പാണ് പുതിയ വാഹനം. അടുത്ത വർഷം ആദ്യം ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുന്ന വാഹനം ഫെബ്രുവരിയിൽ വിപണിയിലെത്തും. 

കുപ്പേയുടേയും എസ്‌യുവിയുടേയും രൂപഭംഗിയുളള കാർ യുവാക്കളെ ആകർഷിക്കാൻ പര്യാപ്തമാണെന്ന പ്രതീക്ഷയിലാണ് മാരുതി. വൈടിബി എന്ന കോഡ് നാമത്തിലാണ് മാരുതി ബലെനോ ക്രോസ് വികസിപ്പിക്കുന്നത്. ഹാർടെക് പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന വാഹനത്തിന് ടർബോ പെട്രോൾ എഞ്ചിനാണ് കരുത്തേകുക. 

പെട്രോൾ എഞ്ചിൻ കൂടാതെ, ഇന്ധനക്ഷമതയുള്ള ഹൈബ്രിഡ് എഞ്ചിനും പുതിയ വാഹനത്തിൽ ഉണ്ടാകും. മാരുതി സുസുക്കിയുടെ പ്രീമിയം വാഹനങ്ങൾ വിൽക്കുന്ന നെക്സ ഡീലർഷിപ്പ് വഴിയാണ് പുതിയ വാഹനം വിൽപ്പനയ്ക്കെത്തുക.