ബൈജൂസിലെ കൂട്ട പിരിച്ചുവിടൽ; ജീവനക്കാർ പരാതിയുമായി മന്ത്രിക്കു മുന്നിൽ

തിരുവനന്തപുരം: പ്രമുഖ എഡ്യുടെക് സ്ഥാപനമായ ബൈജൂസിനെതിരെ ജീവനക്കാർ പരാതി നൽകി. തിരുവനന്തപുരം ടെക്നോ പാർക്കിലെ ബൈജൂസ് ആപ്പിലെ ജീവനക്കാരാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ പരാതിയുമായി സമീപിച്ചത്. തൊഴിൽ നഷ്ടം ഉൾപ്പെടെ നിരവധി കാര്യങ്ങൾ വിശദീകരിച്ചാണ് ജീവനക്കാർ പരാതി നൽകിയത്. കമ്പനി ജീവനക്കാരിൽ നിന്ന് നിർബന്ധിത രാജി ആവശ്യപ്പെടുന്നുണ്ടെന്നും 170 ഓളം ജീവനക്കാരെ ഇത് ബാധിക്കുമെന്നും ജീവനക്കാർ മന്ത്രിയെ അറിയിച്ചു. ടെക്നോപാർക്ക് ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിലാണ് ജീവനക്കാർ പരാതി നൽകിയത്.

പരാതി സ്വീകരിച്ച മന്ത്രി വിഷയം ഗൗരവമായി എടുക്കുന്നെന്നും പറഞ്ഞു. സംഭവത്തിൽ തൊഴിൽ വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. 2023 ഓടെ 2,500 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ബൈജൂസ് നേരത്തെ സൂചിപ്പിച്ചിരുന്നു. 2023 മാർച്ചോടെ കമ്പനിയെ ലാഭകരമാക്കാനാണ് നീക്കം. ഇതോടെ, കമ്പനിയുടെ 5% തൊഴിലാളികൾക്ക് അടുത്ത ആറ് മാസത്തിനുള്ളിൽ ജോലി നഷ്ടപ്പെടും.

കാര്യക്ഷമത വർദ്ധിപ്പിക്കാനും ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്നാണ് കമ്പനിയുടെ ന്യായീകരണം. ഇതിന്‍റെ ഭാഗമായി മറ്റ് രീതികളും ബൈജൂസ് ആവിഷ്കരിച്ചിട്ടുണ്ട്. ബ്രാൻഡിനെക്കുറിച്ച് ആളുകളെ ബോധവാൻമാരാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സഹസ്ഥാപക ദിവ്യ ഗോകുൽനാഥ് പറഞ്ഞു. ഹൈസ്കൂൾ വിഭാഗമായ കെ 10ന് കീഴിൽ മെറിറ്റ് നേഷൻ, ട്യൂട്ടർവിസ്റ്റ, സ്‌കോളർ, ഹാഷ്‌ലേൺ എന്നീ കോ-പ്ലാറ്റ്‌ഫോമുകളെ ബൈജൂസ് ലയിപ്പിക്കും. അതേസമയം, ആകാശ്, ഗ്രേറ്റ് ലേണിംഗ് എന്നിവ രണ്ട് പ്ലാറ്റ്‌ഫോമുകളായി തുടരും.