ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടൽ; ഖേദം പ്രകടിപ്പിച്ച് സ്ഥാപകന്‍ ജാക്ക് ഡോര്‍സി

ട്വിറ്ററിന്‍റെ പുതിയ മേധാവി എലോൺ മസ്ക് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ തുടങ്ങി. 7,500 ഓളം ജീവനക്കാരുള്ള കമ്പനിയിൽ പകുതി പേർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഖേദം പ്രകടിപ്പിച്ച് ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസി. എല്ലാവരുടെയും നിലവിലെ അവസ്ഥയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

“മുമ്പ് ട്വിറ്ററിൽ ഉണ്ടായിരുന്നവരും ഇപ്പോൾ ഉള്ളവരും ശക്തരും മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ കഴിവുള്ളവരുമാണ്. എത്ര സങ്കീർണ്ണമായ അവസ്ഥയിലും, അവർ എല്ലായ്പ്പോഴും ഒരു വഴി കണ്ടെത്തും. പലർക്കും എന്നോട് ദേഷ്യമുണ്ടെന്ന് എനിക്കറിയാം. എല്ലാവരേയും ഈ അവസ്ഥയിൽ ആക്കിയതിൻ്റെ ഉത്തരവാദിത്വം എൻ്റേതാണ്. ഞാൻ വളരെ വേഗത്തിൽ ഈ കമ്പനി വളർത്തി. അതിൽ ഞാൻ ഖേദിക്കുന്നു,” ഡോർസി ട്വിറ്ററിൽ കുറിച്ചു.

“ഇത്രയും കാലം ട്വിറ്ററിൽ പ്രവർത്തിച്ച എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്, സ്‌നേഹമുണ്ട്. ഈ സാഹചര്യത്തിൽ, ഞാൻ അത് തിരികെ പ്രതീക്ഷിക്കുന്നില്ല. ഞാൻ മനസ്സിലാക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.